മൻസൂർ വധം: പ്രതിയുടേത് ആത്മഹത്യയെന്ന് പൊലീസ്

Monday 14 June 2021 2:40 AM IST

പാനൂർ (കണ്ണൂർ): പാനൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കൂലോത്ത് രതീഷിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹത്തിലെ പരിക്ക് മൻസൂർ കൊല്ലപ്പെടുന്നതിന് മുമ്പ് ലീഗ് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിലുണ്ടായതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

രതീഷ് മരിച്ച് രണ്ടു മാസം പിന്നിടുമ്പോഴാണ് പൊലീസ് അന്തിമ നിഗമനത്തിലെത്തിയത്. കൂട്ടു പ്രതികളുടെ മൊഴികളും സാഹചര്യ തെളിവുകളും സൈബർ സെല്ലും ഫൊറൻസിക് വിദഗ്‌ദ്ധരും ശേഖരിച്ച വിവരങ്ങളും കേസിൽ നിർണായകമായി. രതീഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മൻസൂർ വധക്കേസിൽ അറസ്റ്റിലായ വിപിൻ, ശ്രീരാഗ് എന്നിവർ മൊഴി നൽകിയിരുന്നു. രതീഷിന് ആത്മഹത്യാപ്രവണതയുണ്ടായിരുന്നതായും ഇവർ പറഞ്ഞിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് വെട്ടേറ്റ മൻസൂർ പിറ്റേ ദിവസം രാവിലെയാണ് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിൽ മരിച്ചത്. ഏപ്രിൽ ഒമ്പതിന് വൈകിട്ടാണ് കോഴിക്കോട് വളയത്തെ കശുമാവിൻ തോട്ടത്തിൽ രതീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അന്തിമ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ വടകര റൂറൽ എസ്.പിക്ക് കൈമാറും.

Advertisement
Advertisement