ഭഗവാൻ രാമന്റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!

Monday 14 June 2021 12:54 PM IST

അയോദ്ധ്യ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരിക്കെ വിഷയത്തെക്കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും, കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴല്‍പ്പണ കേസൊക്കെ എന്ത് എന്നാണ് ബൽറാം കുറിപ്പിൽ ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അയോദ്ധ്യയിൽ 5.8 കോടിയോളം ന്യായവില വരുന്ന സുമാർ 3 എക്കർ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളിൽ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളിൽ, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുന്നു. ഉടൻ തന്നെ 17 കോടി രൂപ RTGS വഴി കൈപ്പറ്റുന്നു.

രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആൾക്കാർ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയർ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് ചമ്പത് റായിയുടെ കാർമ്മികത്ത്വത്തിലാണ് മൊത്തം ഡീലുകൾ.

ഭഗവാൻ രാമൻ്റെ പേരിൽപ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!