സംസ്ഥാനത്ത് അതിതീവ്രമഴയ്‌ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Monday 14 June 2021 3:16 PM IST

​​​​തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്. കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തു ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. നാളെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ബുധനാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജൂണ്‍ 17വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.