'നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനം'; സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗവര്‍ണര്‍ക്ക് പരാതി നല്‍കി രമ്യ ഹരിദാസ്

Monday 14 June 2021 7:21 PM IST

തിരുവനന്തപുരം: തന്നെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ​ഗവർണർക്ക് പരാതി നൽകി ആലത്തൂർ എം.പി രമ്യ ഹരിദാസ്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല. നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും പരാതി നൽകുന്ന ചിത്രം പങ്കുവച്ചുകൊണ്ട് രമ്യ ഫേസ്ബുക്കിൽ കുറിച്ചു. യു.ഡി.എഫ് എം.പിമാരോടൊപ്പം രാജ്ഭവനില്‍ എത്തിയാണ് പരാതി നല്‍കിയത്.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ആലത്തൂരിലൂടെ വാഹനത്തിൽ പോകുകയായിരുന്ന രമ്യ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ഹരിതകർമ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചതിനുശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്താണ് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പെടെയുള്ള സി.പി.എമ്മുകാർ തന്നെ തടയാനെത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും തന്നോട് മോശമായി സംസാരിച്ചെന്നും എം.പി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ രമ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.