കൈതോലയിൽ ജീവിതം നെയ്ത് വിളക്കുമാടത്തെ സഹോദരിമാർ

Tuesday 15 June 2021 12:02 AM IST
പായ നെയ്ത്തിൽ ഏർപ്പെട്ട കാർത്യായനിയും സഹോദരങ്ങളും

കോഴിക്കോട്: ലോക്ക് ഡൗണിൽ ജീവിതം കീഴ്മേൽ മറിഞ്ഞതിന്റെ സങ്കടമാണ് പലർക്കും പങ്കിടാനുളളതെങ്കിൽ

ഓർമയിൽ ഉണങ്ങിപ്പോയ കൈതോല നനച്ചെടുത്ത് ജീവിതം നെയ്തു തുടങ്ങിയ കഥ പറയാനും ചിലരുണ്ടിവിടെ.

ചാലിയാറിന്റെ തീരത്തെ കൈതോലകളിൽ മെടഞ്ഞ പായകൾ വീടുകളിൽ എത്തിച്ചിരുന്ന നാല് പതിറ്റാണ്ട് മുന്നിലെ ഓർമകൾ രാകിയെടുക്കുകയാണ് മാവൂർ കായലത്തെ വിളക്കുമാടത്തിൽ കാർത്യായനിയും സഹോദരിമാരും. പലതരം തൊഴിലുകളുടെ തിരക്കിനിടെ 15 വർഷത്തിലധികമായി മുടങ്ങിപ്പോയ പായ നെയ്‌ത്ത്‌ അതിജീവനത്തിനായി ആരംഭിച്ചിരിക്കുകയാണ് വീണ്ടും ഇവർ. ചെറിയ പ്രായത്തിലാണ് കാർത്യായനിയും സഹോദരങ്ങളായ സരോജിനി, കല്യാണി, അമ്മാളു, ദേവി എന്നിവർ പായ നെയ്ത്ത് പഠിച്ചുതുടങ്ങിയത്. പിന്നീടങ്ങോട്ട് വീട്ടുപണിക്കൊപ്പം ഒരു ദിവസം ഒരു പായയും നെയ്തു തീർത്തു തുടങ്ങി. ഉപജീവനത്തിനൊപ്പം കലാപരമായ ആവിഷ്‌ക്കാരം കൂടിയായിരുന്നു കാ‌ർത്യായനിക്ക് പായ നെയ്‌ത്ത്. ചാലിയാറിന്റെ തീരത്തെ കെെതോല ഒരു വർഷത്തേക്ക് പാട്ടമെടുക്കും. കൂടാതെ തോട്ടുവക്കിലും പുഴയോരത്തു നിന്ന് കൈതോലയും പനയോലയും മുറിച്ചെടുത്ത്‌ കൂട്ടിവെയ്ക്കും. 60, 100 രൂപയ്ക്കായിരുന്നു പായ വിറ്റിരുന്നത്. കായലത്തെ മിക്ക വീടുകളിലും പായ എത്തിച്ചിരുന്നത് കാ‌ർത്യായനിയും സഹോദരിമാരുമായിരുന്നു. പായയും ചുമലിലേറ്റി പുഴ കടന്ന്‌ ചുങ്കപ്പള്ളിയിലെ ജുമാ നമസ്കാര സമയത്ത്‌ വിറ്റ്‌ മടങ്ങിയതെല്ലാം കാർത്യായനിയുടെ ഓർമയിൽ തെളിഞ്ഞൊഴുകുന്നുണ്ട്. നെയ്ത്തുകാരെ പോലെ നിരവധി വിൽപ്പനക്കാരും അന്ന് രംഗത്തുണ്ടായിരുന്നു. എന്നാൽ ഇന്ന് തോടും ചിറകളും ഇല്ലാതായതോടെ തഴയും കിട്ടാക്കനിയായി. പായ നെയ്‌ത്തിൽ വിരലിലെണ്ണാവുന്നവരാണ് ഇന്നുളളതെന്ന് കാർത്യായനി പറയുന്നു. പ്ലാസ്‌റ്റിക്‌ പായയുടെ വരവോടെ തഴപ്പായയ്ക്ക്‌ ആവശ്യക്കാർ കുറഞ്ഞു, പലരും തൊഴിൽ ഉപേക്ഷിച്ചു. പള്ളിപ്പെരുന്നാളി​നും ഉത്സവത്തി​നും മാത്രം കിട്ടുന്ന അപൂർവ വസ്തുവായി ഇന്ന് തഴപ്പായ മാറിയെന്നും കാർത്യായനി പറയുന്നു.

തിരിച്ചുവരുന്നു പരമ്പരാഗത തൊഴിലുകൾ

ഗ്രാമീണ തനിമയുടെ അടയാളമായ തഴപ്പായയും ചിരട്ട തവിയും കുട്ടയും മുറവുമെല്ലാം വീടുകളിലേക്ക് വീണ്ടുമെത്തിച്ചിരിക്കുകയാണ് ഈ അടച്ചിടൽ കാലം. കൂട്ട നെയ്ത്ത്, പായ നെയ്ത്ത്, ഓല മെടയൽ തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ കൈവെടിഞ്ഞവരെല്ലാം തിരിച്ചുവരവിന്റെ വഴിയിലാണ്. ലോക്ക്ഡൗൺ കാലത്ത് കൈവേല പരീക്ഷിക്കാൻ പലരും തീരുമാനിച്ചതോടെ ഇരുമ്പായുധങ്ങളും കൂട്ടയും മുറവും ചിരട്ട തവിയും വല്ലവുമെല്ലാം വീടുകളിൽ പിറവിയെടുക്കുകയാണ്. വരുമാനത്തിനപ്പുറം കൈമോശം വന്ന പാരമ്പര്യ അറി

വിനെ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് മിക്കവരും.

Advertisement
Advertisement