നീലേശ്വരം റെയിൽവെ സ്റ്റേഷൻ പരിസരം വൈവിദ്ധ്യവൽക്കരിച്ച് റോട്ടറി ക്ലബ്ബ്

Tuesday 15 June 2021 12:08 AM IST
നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന റെയിൽവെ സ്റ്റേഷൻ റോഡ് നവീകരണ പ്രവർത്തി അന്തിമഘട്ടത്തിൽ

നീലേശ്വരം: റെയിൽവെ സ്റ്റേഷൻ റോഡും പരിസരവും വൈവിദ്ധ്യവൽക്കരിച്ച് നീലേശ്വരം റോട്ടറി ക്ലബ്ബ്.

15,000 സ്ക്വയർ ഫീറ്റിൽ റോഡിന്റെ ഇരുഭാഗത്തും ഇന്റർലോക്ക് പാകിയും റോഡിന്റെ ഒരു ഭാഗത്ത് നടപ്പാത ഒരുക്കിയുമാണ് 270 മീറ്റർ നീളത്തിൽ റെയിൽവെ സ്റ്റേഷൻ റോഡ് നവീകരിക്കുന്നത്. ഒരു ഭാഗത്ത് പൂന്തോട്ടവും ഇവിടെ വണ്ടി കാത്ത് നിൽക്കുന്നവർക്ക് ഇരിക്കാൻ ബെഞ്ച് സൗകര്യവും ഒരുക്കുന്നുണ്ട്.

25 ലക്ഷം രൂപ ചെലവിൽ നടക്കുന്ന പ്രവൃത്തിക്ക് 3 ലക്ഷം നീലേശ്വരം നഗരസഭയും ബാക്കി 22 ലക്ഷം രൂപ റോട്ടറി ക്ലബ്ബുമാണ് വഹിക്കുന്നത്. ഈ മാസം അവസാനം സംസ്ഥാന മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള ശ്രമത്തിലാണ് റോട്ടറി ക്ലബ്ബ് ഭാരവാഹികൾ. പ്രൊജക്ട് ചെയർമാൻ അഡ്വ. കെ.കെ. നാരായണനും കൺവീനർ ലക്ഷ്മി നാരായണപ്രഭുവും ഫിനാൻസ് ചെയർമാൻ ടി.വി. വിജയനും റോട്ടറി ക്ലബ് പ്രസിഡന്റ് സുജിത് കുമാറുമാണ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.

നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന നീലേശ്വരം റോട്ടറി ക്ലബ് ഇതിനകം നിർദ്ധനരായ രണ്ടു കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുകയുണ്ടായി. കൂടാതെ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് ഫിസിയോതെറാപ്പി യൂനിറ്റും കെട്ടിടവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.50 ലക്ഷം രൂപ, കരുണ പാലിയേറ്റീവ് കെയർ സെന്ററിന് 5 ലക്ഷം രൂപയുടെ വാൻ, ബളാൽ പഞ്ചായത്തിലെ കുട്ടികൾക്ക് 6 ടി.വി, നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് അഞ്ച് ബാരിക്കേട് എന്നിവ നൽകുകയുണ്ടായി.

Advertisement
Advertisement