കാസർകോട്ടെ ചന്ദനക്കടത്ത് കേസ് അട്ടിമറിച്ചത് 'ഉന്നതനെ' രക്ഷിക്കാൻ 

Tuesday 15 June 2021 12:44 AM IST

കാസർകോട്: കളക്ടർ ഡോ. ഡി. സജിത് ബാബു പിടികൂടി കൈമാറിയ രണ്ടരക്കോടിയുടെ ചന്ദന കള്ളക്കടത്ത് കേസ് അട്ടിമറിച്ചത് മാഫിയ സംഘത്തിലെ ഉന്നതനെ രക്ഷിക്കാനാണെന്ന വിവരം പുറത്തുവന്നു. അതോടൊപ്പം കേസിൽ ഉൾപ്പെടുമായിരുന്ന അരഡസനോളം പേരെയും സുരക്ഷിതരാക്കി.

ചന്ദന മാഫിയ തലവൻ, ചന്ദനം മുറിച്ചെടുത്ത് രഹസ്യഗോഡൗണിൽ എത്തിച്ച നാല് പ്രമുഖർ, കാസർകോട്ട് താമസിച്ച് ചന്ദനക്കടത്തിനു ചുക്കാൻ പിടിക്കുന്ന കർണ്ണാടക സ്വദേശിയായ ഡ്രൈവർ എന്നിവരെ രക്ഷപ്പെടുത്താനാണ് ഒത്താശ ചെയ്തത്.

2020 ഒക്ടോബർ ആറിന് പുലർച്ചെ ചന്ദനമുട്ടികൾ പിടിച്ചതിന്റെ മൂന്നാം നാളാണ് ഒന്നാം പ്രതി തായൽ നായന്മാർമൂലയിലെ അബ്ദുൾ ഖാദറിനെ (60) ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനിൽകുമാർ അറസ്റ്റ് ചെയ്തത്. സൂത്രധാരനായ രണ്ടാം പ്രതിയെ പിടികൂടാനായി റെയ്ഡ് ഉൾപ്പെടെ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അനിൽകുമാറിനെ സ്ഥലം മാറ്റുമെന്നും അതിനുശേഷം പുറത്തുവന്നാൽ മതിയെന്നുമായിരുന്നു ഉന്നതർ നൽകിയ ഉപദേശം. ഒളിവിലിരുന്ന് ഹൈക്കോടതിയിൽ മുൻ‌കൂർജാമ്യത്തിനും ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ആറളം റേഞ്ചിലേക്ക് മാറ്റിയതിനു ശേഷം രണ്ടാം പ്രതിയെ ഹാജരാക്കുകയായിരുന്നു.

Advertisement
Advertisement