സ്വർണക്കടത്ത്: മുഹമ്മദ് മൻസൂർ 28 വരെ റിമാൻഡിൽ

Tuesday 15 June 2021 12:00 AM IST

കൊച്ചി: സ്വർണക്കടത്തു കേസിൽ ദുബായിൽ നിന്ന് നാട്ടിലെത്തിച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതി മുഹമ്മദ് മൻസൂറിനെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി ജൂൺ 28 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ സ്വർണം ഒളിപ്പിച്ചു കടത്താനും വിദേശത്തു നിന്ന് സ്വർണം ഇതിനായി ശേഖരിക്കാനും മൻസൂറിനെയാണ് പ്രതികൾ നിയോഗിച്ചിരുന്നത്. ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ദുബായിൽ നിന്ന് പിടികൂടി കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തു കേസിലെ മുഖ്യസൂത്രധാരനായ കെ.ടി റമീസിന്റെ നേതൃത്വത്തിൽ ദുബായിൽ നടന്ന ഇടപാടുകളെക്കുറിച്ച് മൻസൂർ അന്വേഷണ സംഘത്തിന് വിവരങ്ങൾ കൈമാറിയെന്നാണ് സൂചന. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.