നാല് ആശുപത്രികളിൽ മൂന്നു മാസത്തിനകം ഓക്‌സിജൻ പ്ലാന്റ്

Tuesday 15 June 2021 12:04 AM IST

പത്തനംതിട്ട : ജില്ലയിൽ മൂന്നു മാസത്തിനകം നാല് ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപതി, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണു മൂന്നു മാസത്തിനകം ഓക്‌സിജൻ പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷനാണു മിനിറ്റിൽ 1500 ലിറ്റർ ഓക്‌സിജൻ ഉൽപാദനശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്.
തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് മിനിട്ടിൽ 1000 ലിറ്റർ വീതം ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റുകളാണു സ്ഥാപിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ജില്ലാ പഞ്ചായത്ത് ഒരുക്കും. കോന്നി മെഡിക്കൽ കോളജിൽ മിനിറ്റിൽ 1500 ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാവുന്ന പുതിയ പ്ലാന്റാണ് എൻ.എച്ച്.എമ്മിന്റെ സഹായത്തോടെ ഒരുങ്ങുന്നത്. ഇതിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റാകും ആദ്യം യാഥാർത്ഥ്യമാകുക.

ജില്ലയിലെ ഈ നാല് ഓക്‌സിജൻ പ്ലാന്റുകൾ പ്രവർത്തന സജ്ജമാകുന്നതോടെ ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ജില്ല ബഹുദൂരം മുന്നോട്ടുപോകും. കോന്നി മെഡിക്കൽ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കും.

വീണാ ജോർജ്

ആരോഗ്യമന്ത്രി

Advertisement
Advertisement