കണ്ടെയ്‌നർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികരായ യുവ ദമ്പതികൾ മരിച്ചു

Monday 14 June 2021 11:44 PM IST

കൊടുങ്ങല്ലൂർ : ആശുപത്രിയിൽ പോയി മടങ്ങും വഴി കോട്ടപ്പുറം പാലത്തിൽ കണ്ടെയ്‌നർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികരായ യുവ ദമ്പതികൾ മരിച്ചു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശി നെടുംപറമ്പിൽ കരീമിന്റെ മകൻ മുഹമ്മദ് ഷാൻ (34), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കണ്ടെയ്‌നർ ലോറിയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് അഞ്ചേ മുക്കാലോടെയായിരുന്നു സംഭവം.

ലോറിയുടെ പിൻചക്രം കയറിയ ഇരുവരും സംഭവ സ്ഥലത്ത് തന്നെ അതിദാരുണമായി മരിച്ചു. അലർജി അസുഖമുള്ള ഹസീനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാട്ടി മടങ്ങും വഴിയായിരുന്നു അപകടം. മരിച്ച ഷാനു സൗദിയിൽ നിന്നും കഴിഞ്ഞ എട്ടിനാണ് നാട്ടിലെത്തിയത്. ക്വാറന്റൈനിലിരുന്ന ശേഷം ആദ്യമായാണ് മുഹമ്മദ് ഷാൻ ഇന്നലെ പുറത്തിറങ്ങിയത്. മക്കൾ: അമാൻ ഫെർഖാൻ, റിയ ഫാത്തിമ.