മറ്റുരോഗങ്ങൾക്കും ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി

Tuesday 15 June 2021 12:00 AM IST

തിരുവനന്തപുരം : കൊവിഡ് ചികിത്സയ്‌ക്കൊപ്പം മറ്റു രോഗങ്ങൾ ചികിത്സിക്കുന്നതിലും ശ്രദ്ധയൂന്നുമെന്നും ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് സർക്കാർ ആശുപത്രികളിൽ മറ്റു രോഗികളെ പരിചരിച്ച് തുടങ്ങും. ടെലിമെഡിസിൻ സംവിധാനം കൂടുതൽ വിപുലീകരിക്കും. മൂന്നാം തരംഗത്തെ ഭയക്കേണ്ടതില്ല. പുതിയൊരു തരംഗം താനെയുണ്ടാവില്ല. നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയാണ് അതിന് വഴിയൊരുക്കുന്നത്.

മുതിർന്നവരിൽ വലിയ ശതമാനം ആളുകൾക്ക് വാക്‌സിനേഷൻ വഴിയും വൈറസ് ബാധയാലും പ്രതിരോധ ശക്തി ആർജ്ജിക്കാൻ കഴിയുമെന്നതിനാൽ മൂന്നാം തരംഗത്തിൽ കുട്ടികൾക്കിടയിൽ കേസുകൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.

കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോൾ, ചികിത്സിക്കാൻ ആവശ്യമായ മാർഗരേഖ, ഡിസ്ചാർജ് നയം എന്നിവ തയ്യാറാക്കിക്കഴിഞ്ഞു. കൊവിഡ് വന്ന കുട്ടികളിൽ അപൂർവമായി കാണുന്ന മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം എന്ന രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള മുന്നൊരുക്കമായി.

Advertisement
Advertisement