ഇന്ന് നടൻ സത്യന്റെ 50 ാം ചരമവാർഷികം --- പാളിച്ചകളില്ലാത്ത ദൃശ്യാനുഭവം

Tuesday 15 June 2021 12:26 AM IST

തിരുവനന്തപുരം:

അഗ്നിപർവ്വതം പുകഞ്ഞു
ഭൂ ചക്രവാളങ്ങൾ ചുവന്നു
മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു
രക്തപുഷ്പം വിടർന്നു...

'അനുഭവഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിനു വേണ്ടി വയലാർ ഈ ഗാനം എഴുതിയപ്പോൾ മനസിൽ കണ്ടത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് സത്യൻ മൂക്കിൽ നിന്നു രക്തം വാർന്ന് ആശുപത്രിയിലാവുന്നത്. തുടർന്ന് അന്ത്യം.

ഗാനത്തിലെ വരികൾ പോലെ സത്യൻ മറഞ്ഞുപോയിട്ട് ഇന്ന് അരനൂറ്റാണ്ട്.

സത്യൻ അവതരിപ്പിച്ചിരുന്ന ചെല്ലപ്പൻ മരിച്ചതായി കാണിച്ചാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ അവസാനിപ്പിക്കുന്നത്. ആത്മസംഘർഷങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും ഉള്ളിൽ ഒരു അഗ്നിപർവതത്തെ ചുമക്കുകയായിരുന്നു അദ്ദേഹം. രോഗബാധിതനായ വിവരം ആരെയും അറിയിച്ചില്ല.

ആഴ്ചയിലൊരിക്കൽ ആശുപത്രിയിൽ പോയി രക്തം മാറ്റിവന്നിട്ടാണ് അഭിനയിച്ചിരുന്നത്. അങ്ങനെ ഒരു വ‌ർഷത്തിലേറെ. വന്ന സിനിമകളെല്ലം ആഭിനയിച്ച് തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു അദ്ദേഹം.

കരകാണാക്കടൽ, പഞ്ചവൻകാട്, ശരശയ്യ, ഇൻക്വിലാബ് സിന്ദാബാദ്,​ വിമോചന സമരം,​ പാവക്കുട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നത് ഈ കാലയളവിലാണ്. അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ സിനിമകൾ ലോകം കണ്ടത്. ശരശയ്യയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ബഹുമതി സത്യനെ തേടിയെത്തിയതും മരണാനന്തരം.

പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസിൽ അഭിനയിക്കാനെത്തിയ സത്യൻ വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയത്. ആത്മസഖി എന്ന സിനിമയിലൂടെയായിരുന്നു വരവറിയിച്ചത്. 20 വർഷത്തോളം അദ്ദേഹം ജ്വലിച്ചുനിന്നു.

1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കാവുന്ന സിനിമയായി മാറി. ദേശീയതലത്തിലും ആദ്യമായി അംഗീകാരം നേടുന്ന മലയാളം സിനിമയാണ് നീലക്കുയിൽ.

വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച സത്യൻ

സർക്കാർ ഗുമസ്തൻ, അദ്ധ്യാപകൻ, ബ്രിട്ടീഷ് ആർമിയിലെ സുബേദാർ മേജർ, പൊലീസ് സബ് ഇൻസ്‌പെക്ടർ, സ്നേഹ സമ്പന്നനായ ഭർത്താവ്,​ പ്രിയപ്പെട്ട പപ്പ തുടങ്ങിയ ജീവിതവേഷങ്ങളും ഭംഗിയാക്കി.

Advertisement
Advertisement