വാട്ടർ മെട്രോ കാക്കനാട് സിൽവർലൈൻ ടെർമിനലിലേക്കും

Wednesday 16 June 2021 12:00 AM IST

കൊച്ചി: വാട്ടർ മെട്രോ സർവീസ് കാക്കനാട് ഇൻഫോപാർക്കിലെ സിൽവർ ലൈൻ അതിവേഗ റെയിൽപ്പാത ടെർമിനലിലേക്ക് നീട്ടും. ഇതോടെ ഇൻഫോപാർക്കിലെ സിൽവർ ലൈൻ സ്റ്റേഷന് സമീപത്തെ ജെട്ടി വിവിധ ഗതാഗത മാർഗങ്ങൾ സംയോജിപ്പിക്കുന്ന ഹബ്ബായി മാറും. വാട്ടർ മെട്രോയുടെ വൈറ്റില, കാക്കനാട് (ചിറ്റേത്തുകര) എന്നീ ടെർമിനലുകൾ സർവീസി​ന് സജ്ജമാണ്. വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചാൽ 20 മിനിറ്റിൽ വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്ക് എത്താം.

വൈറ്റി​ലയ്ക്ക് അപൂർവ നേട്ടം

വാട്ടർ മെട്രോ, ബസ് ടെർമിനൽ, മെട്രോ റെയിൽ എന്നിവ സംയോജിക്കുന്ന രാജ്യത്തെ ഏക യാത്രാ ഹബ്ബായി വൈറ്റില മാറും.

വാട്ടർമെട്രോ

76 കിലോമീറ്ററിൽ 10 ദ്വീപുകളിലെ 38 ടെർമിനലുകളിലായാണ് വാട്ടർ മെട്രോ പദ്ധതി. 2019ൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ) വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണം ആരംഭിച്ചു. വൈറ്റില, കക്കനാട് എന്നിവ പൂർത്തിയായി. ഹൈക്കോടതിയിലെ പ്രധാന ടെർമിനൽ ഉൾപ്പെടെ 16 എണ്ണത്തിന്റെ നിർമാണം പുന:രാരംഭിച്ചു. കൊച്ചി കപ്പൽശാലയിൽ 100 പേർക്ക് യാത്ര ചെയ്യാവുന്ന ഹൈബ്രിഡ് ഇലക്ട്രിക് യാത്രാ ബോട്ടിന്റെ നിർമാണവും പുരോഗമിക്കുകയാണ്.

Advertisement
Advertisement