എസ്.ബി.ഐ ഇക്കോറാപ്പ് റിപ്പോർട്ട് പുറത്ത് ആർ.ബി.ഐയുടേത് കടുത്ത ദൗത്യം

Wednesday 16 June 2021 1:03 AM IST

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളിൽ നിന്നും ലോക്ക്ഡൗണുകളിൽ നിന്നും പുറത്തുവരാൻ രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും പോരാടുമ്പോൾ കേന്ദ്ര ബാങ്കിന് മുന്നിലുള്ളത് ഒന്നിലധികം വെല്ലുവിളികളെന്ന് എസ്.ബി.ഐ ഇക്കോറാപ്പ് റിപ്പോർട്ട്. സുഗമമായ ധനനയത്തിനുള്ള സാഹചര്യം കഴിഞ്ഞെന്നും ഇന്ത്യയുടെ വളർച്ചാ നിരക്ക് ഉയർത്തുന്നതിലും രൂപയുടെ സ്ഥിരതയിലുള്ള വെല്ലുവിളികൾ ആർ.ബി.ഐ അഭിമുഖീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ആഗോള ചരക്കുകളിൽ സംഭവിക്കുന്ന വലിയ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പ സമ്മർദം കൂടി വരുമ്പോൾ കാര്യങ്ങൾ ആർ.ബി.ഐക്ക് ഒട്ടും എളുപ്പമാകില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോർട്ടിൽ പറയുന്നത്.

സർക്കാരിന്റെ ധനനയമാണ് വളർച്ചാ സാദ്ധ്യതകൾ ഉയർത്തേണ്ടത്. സാമ്പത്തിക പ്രവർത്തനങ്ങൾ പതിയെ മാത്രമേ വീണ്ടെടുപ്പ് നടത്തൂ. അതിനാൽ, വരുംമാസങ്ങളിൽ സർക്കാരിന്റെ ധനവിനിയോഗത്തിൽ പ്രതിസന്ധി ഉണ്ടാകാനാണ് സാദ്ധ്യത. ഒരു സജീവ ധനനയത്തിന് മാത്രമേ വിപണിയുടെ താത്പ്പര്യത്തെയും വളർച്ചയെയും പുനരുജ്ജീവിപ്പിക്കാൻ കഴിയൂവെന്നും വിശ്വസിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജനയുടെ ഭാഗമായ പ്രഖ്യാപനങ്ങളും എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിക്കാൻ നിർബന്ധിതമായതും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ കേന്ദ്ര സർക്കാരിന് ചെലവ് സൃഷ്ടിക്കും. വിദേശ കമ്പനികളുമായി ഇന്ത്യ വാക്സിൻ വാങ്ങൽ കരാറുകളിൽ ഏർപ്പെട്ടാൽ ഇത് കൂടും. അന്തിമമായി ഈ നടപടികളുടെയെല്ലാം സാമ്പത്തിക ആഘാതം ഏകദേശം 28,512 കോടി രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, പെട്രോൾ,ഡീസൽ എന്നിവയ്ക്ക് ഇപ്പോഴുള്ള അതേ നികുതി ഈടാക്കുന്നത് തുടരുകയാണെങ്കിൽ എക്സൈസ് വരുമാനം വർദ്ധിക്കുമെന്നും എസ്.ബി.ഐ റിപ്പോർട്ട് നിരീക്ഷിക്കുന്നു.

 6 ഉം കടന്ന് ചെറുകിട പണപ്പെരുപ്പം

മേയ് മാസത്തിൽ ഇന്ത്യയുടെ ചെറുകിട പണപ്പെരുപ്പം 6.30 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ ഉയർന്ന സഹിഷ്ണുതാ പരിധി 6 ശതമാനമായാണ് ആർ.ബി.ഐ നിശ്ചയിച്ചിട്ടുള്ളത്. ഇതിനു മുകളിലാണ് മേയിലെ കണക്ക് എന്നതിനാൽ അടുത്ത ധനനയ അവലോകനത്തിൽ ഇത് വലിയ അളവിൽ പരിഗണിക്കപ്പെടും. ആറ് മാസത്തിനിടെ ഇതാദ്യമായാണ് ചെറുകിട പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ ഉയർന്ന സഹിഷ്ണുതാ പരിധിക്ക് മുകളിൽ എത്തുന്നത്.