കെ. സുധാകരൻ ഇന്ന് ചുമതലയേൽക്കും

Wednesday 16 June 2021 12:00 AM IST

താരിഖ് അൻവറും ചടങ്ങിൽ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരൻ എം.പി ഇന്ന് രാവിലെ 11നും 11.30നും മദ്ധ്യേ ഇന്ദിരാഭവനിൽ സ്ഥാനമേൽക്കും. തുടർന്ന് പുതിയ വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ, ടി. സിദ്ദിഖ് എം.എൽ.എ എന്നിവരും ചുമതലയേൽക്കും.

ചടങ്ങിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, വിശ്വനാഥ് പെരുമാൾ, ഐവാൻ ഡിസൂസ എന്നിവരും പങ്കെടുക്കും.

ചടങ്ങിന് ശേഷം പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരുമായി താരിഖ് അൻവർ ചർച്ച നടത്തും. സംഘടനാ ദൗർബല്യം പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളും കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയും ചർച്ചയാവും.

ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് പരമാവധി 51 പേരുള്ള ജില്ലാസമിതികൾ മതിയെന്നാണ് കെ. സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളത്. ഹൈക്കമാൻഡിന്റെ നിലപാടും ചർച്ചയിൽ വ്യക്തമായേക്കും.

രാവിലെ 10ന് കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയിൽ കെ. സുധാകരൻ ഹാരാർപ്പണം നടത്തും. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തും. കെ.പി.സി.സി ഓഫീസിൽ സേവാദൾ വോളണ്ടിയർമാരുടെ ഗാർഡ് ഒഫ് ഓണർ സ്വീകരിക്കും. പാർട്ടി പതാക ഉയർത്തിയ ശേഷമാകും ചുമതലയേൽക്കൽ. സ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങൽ പ്രസംഗവുമുണ്ടാകും.

മുരളിക്ക് മുൻതൂക്കം

യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് കെ. മുരളീധരൻ എം.പിക്ക് മുൻതൂക്കം ഉണ്ട്. എന്നാൽ, തനിക്ക് ആഗ്രഹമില്ലെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കപ്പെട്ട കെ.വി. തോമസിന്റെയും മുതിർന്ന നേതാവ് പി.ജെ. കുര്യന്റെയും പേരുകൾ ചർച്ചയിലുണ്ട്. കെ.വി. തോമസ് കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയതും ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്.

Advertisement
Advertisement