അഭിഭാഷകന് രോഗം മൂലം ഹാജരാകാനായില്ല; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പിന്നെയും നീട്ടി

Wednesday 16 June 2021 1:24 PM IST

ബംഗളൂരു: കള‌ളപ്പണം വെളുപ്പിക്കൽ കേസിൽ പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി പിന്നെയും നീട്ടി. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനാൽ ഹാജരാകാൻ കഴിയാത്തതുകൊണ്ടാണ് പത്ത് ദിവസത്തേക്ക് കേസ് കർണാടക ഹൈക്കോടതി നീട്ടിവെച്ചത്.

ഇനി ജൂൺ 25നാകും കേസ് കോടതി പരിഗണിക്കുക. മുൻപ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റിന് (ഇ.ഡി) വേണ്ടി ഹാജരായിരുന്ന അഡീഷണൽ സോളിസി‌റ്റർ ജനറലിന് കൊവിഡ് ബാധിച്ചതിനാൽ രണ്ട് തവണ ഇ.ഡി ആവശ്യപ്പെട്ട് കേസ് നീട്ടിവച്ചിരുന്നു. ജൂൺ രണ്ടിന് കേസ് ജൂൺ 14ലേക്ക് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി ജൂൺ ഒൻപതിലേക്കാണ് നീട്ടിയത്. എന്നാൽ അന്നും ഇ.ഡിയുടെ അഭിഭാഷകന് ഹാജരാകാൻ കഴിയാത്തതിനാലാണ് ഇന്നത്തേക്ക് മാ‌റ്റിയത്.

മുൻപ് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കോടതി ആവശ്യമുന്നയിച്ചിരുന്നു. ഇതിൽ ഇ.ഡിയുടെ അഭിഭാഷകന്റെ മറുപടി വാദം ഇനി നടക്കാനുണ്ട്. ക്യാൻസർ രോഗബാധിതനായ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാൻ തനിക്ക് ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നായിരുന്നു ബിനീഷ് കോടതിയിൽ അഭ്യർത്ഥിച്ചത്.

ബംഗളൂരു മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള‌ളപ്പണ കേസിലാണ് ഒക്‌ടോബ‌ർ 29ന് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌തത്.അന്നുമുതൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന് എട്ട് മാസത്തോളമായി ജാമ്യം ലഭിച്ചിട്ടില്ല.

Advertisement
Advertisement