കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; കോൺഗ്രസ് നേതാക്കളടക്കം കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസ്
Wednesday 16 June 2021 3:55 PM IST
തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചു കൂടിയതിനാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
കണ്ണൂരിൽ നിന്നടക്കം സുധാകരൻ കെ പി സി സി അദ്ധ്യക്ഷനാവുന്നത് നേരിൽ കാണാൻ പ്രവർത്തകർ ഇന്ദിര ഭവനിലെത്തിയിരുന്നു. പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളടക്കം പാടുപെട്ടിരുന്നു.ഇതോടെ കോൺഗ്രസിലെ ദേശീയ-സംസ്ഥാന നേതാക്കളടക്കം കേസിൽ പ്രതികളാകും.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെ ബാബു, എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, എ ഐ സി സി സെക്രട്ടറിമാർ അടക്കം വലിയൊരുനിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി ഇന്ദിരഭവനിലെത്തിയിരുന്നു.