അയിഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കും,​ മുൻകൂർ ജാമ്യം നൽകരുതെന്ന് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ

Wednesday 16 June 2021 8:12 PM IST

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്ന് പൊലീസ്.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അറിയിച്ചു. നേരത്തെ അയിഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ ദ്വീപ് പൊലീസിന്റെ നടപടി.

അയിഷയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായതാണ്. അറസ്റ്റു ചെയ്യപ്പെടുമെന്ന അയിഷയുടെ ആശങ്കയില്‍ പ്രസക്തിയില്ലെന്നും ലക്ഷദ്വീപ് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടി ചട്ടം 41 പ്രകാരമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഐഷയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. മുന്‍കൂര്‍ ജാമ്യം തേടി അയിഷ സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേസില്‍ പൊലീസ് നിലപാട് വ്യക്തമാക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോട പട്ടേലിനെതിരായ ബയോ വെപ്പണ്‍ പ്രയോഗത്തിലായിരുന്നു സംവിധായിക അയിഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കവരത്തി പൊലീസാണ് അയിഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തത്.