റവന്യു ഉത്തരവിലെ അവ്യക്തത വിനയായി, വെട്ടിയത് രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള മരങ്ങൾ

Thursday 17 June 2021 1:35 AM IST

തിരുവനന്തപുരം: വിവാദ മരം കൊള്ളയ്ക്ക് കാരണമായെന്ന ആക്ഷേപം നേരിടുന്ന റവന്യുവകുപ്പിന്റെ ഉത്തരവിന്, മുൻസർക്കാർ ആധാരമാക്കിയത് 2017ൽ നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ഭൂപതിവ് ചട്ട ഭേദഗതിയിലെ വ്യവസ്ഥ. 1964ലെ ഭൂപതിവ് ചട്ടത്തിൽ ചന്ദനം, ഈട്ടി, തേക്ക്, ഇരുൾ (എബണി) മരങ്ങൾ സർക്കാരിലേക്ക് നിക്ഷിപ്തമാക്കപ്പെട്ടവയായതിനാൽ പതിച്ചുനൽകപ്പെട്ട ഭൂമിയിൽ നിലനിൽക്കുന്ന മരങ്ങളുടെ മേൽ കർഷകന് ഒരവകാശവുമില്ലെന്ന് അടിവരയിടുന്നുണ്ട്. 1964ലെ ഭൂപതിവ്ചട്ടത്തിലെയും 1986ലെ വൃക്ഷസംരക്ഷണത്തിലെയും ഇതുസംബന്ധിച്ച വ്യവസ്ഥയാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭാ ചട്ട ഭേദഗതി അംഗീകരിച്ച സബ്ജക്ട് കമ്മിറ്റിയിൽ ഭരണകക്ഷിയിൽ പെട്ട എൻ.എ. നെല്ലിക്കുന്നും അടൂർ പ്രകാശും എം. ഉമ്മറും ഉണ്ടായിരുന്നു.

 നട്ടുപിടിപ്പിച്ച മരങ്ങൾ മാത്രം വെട്ടാം

വിവാദ ഉത്തരവിലെ വാക്യഘടനയെ ദുർവ്യാഖ്യാനം ചെയ്ത് ദുരുപയോഗിച്ചുവെന്നാണ് റവന്യുവകുപ്പിന്റെ വാദം. 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ചതും കിളിർത്തുവന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ്വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്കാണെന്നാണ് ഉത്തരവിലെ വാക്യം.

64ലെ പട്ടയം എന്നറിയപ്പെടുന്ന ഈ പട്ടയവ്യവസ്ഥയനുസരിച്ച് പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ചതും അതിന് ശേഷം അവിടെ കിളിർത്തുവന്നതും എന്നാണ് അർത്ഥമാക്കുന്നതെന്നും അല്ലാതെ പതിച്ചു നൽകുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ചന്ദനവും ഈട്ടിയും തേക്കും എബണിയും ഇതിൽ പെടില്ലെന്നുമാണ് റവന്യു അധികൃതർ വിശദീകരിക്കുന്നത്. ഇത് റവന്യു ഉദ്യോഗസ്ഥർക്കെല്ലാം ബോദ്ധ്യമുള്ളതായതിനാലാണ് മുട്ടിലിലെ കേസിലും കൈവശാവകാശരേഖ പ്രതികൾക്ക് കിട്ടാൻ തടസമുണ്ടായത്.

 സംരക്ഷിതവൃക്ഷങ്ങൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയില്ല

അതേസമയം, സംരക്ഷിതമരങ്ങളായി സർക്കാരിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട നാല് രാജകീയവൃക്ഷങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്ന് എടുത്തുപറയാതിരുന്നത് വിനയായെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. വയനാട്ടിലെയും ഇടുക്കിയിലെയും പ്രതിപക്ഷ അംഗങ്ങളും കർഷകനിവേദനങ്ങളുമായെത്തിയതാണ് ഉത്തരവിറക്കാൻ സമ്മർദ്ദമേറ്റിയതെന്നാണ് സർക്കാർ വാദം. പക്ഷേ, ഉത്തരവിനെ മറയാക്കി മുറിച്ചുമാറ്റപ്പെട്ടതാകട്ടെ, നൂറും ഇരുനൂറും വർഷം പഴക്കമുള്ള നൂറുകണക്കിന് ഈട്ടി മരങ്ങളാണ്.

 ഉത്തരവ് പുതുക്കുന്നെങ്കിൽ പട്ടയവ്യവസ്ഥ സൂചിപ്പിക്കണം

കർഷകർ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവ് പുതുക്കുന്ന സാഹചര്യമുണ്ടായാൽ വ്യവസ്ഥ ബാധകമാകാത്ത ഓരോ തരത്തിലും പെട്ട പട്ടയങ്ങൾ എടുത്തുപറഞ്ഞാകണമെന്ന് സർക്കാർതലത്തിൽ നിർദ്ദേശം. ബന്ധപ്പെട്ട വകുപ്പുകളെല്ലാം വിശദമായി കൂടിയാലോചിച്ചേ ആകാവൂ എന്നുമാണ് സി.പി.ഐയുടെയും റവന്യുവകുപ്പിന്റെയും നിലപാട്.

 ദുർവ്യാഖ്യാനിച്ചതാണ് പ്രശ്നം: സി.പി.ഐ

റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവിൽ വീഴ്ചയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു. മുൻ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനടക്കമുള്ളവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കാനത്തിന്റെ വിശദീകരണം.

കർഷകർക്ക് വേണ്ടിയുള്ള ഉത്തരവിന്റെ മറവിൽ തേക്കും ഈട്ടിയും മുറിച്ചെങ്കിൽ തെറ്റാണ്. സി.പി.ഐ കർഷകർക്കൊപ്പമാണ്. പരിസ്ഥിതിക്ക് വേണ്ടിയാണ് സി.പി.ഐ നിലകൊള്ളുന്നത്.

പത്ത് സർവ്വകക്ഷിയോഗങ്ങൾ നടന്നു. ഏഴെണ്ണം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലായിരുന്നു.

വയനാട്ടിൽ 46 വില്ലേജുകളുള്ളതിൽ മുട്ടിൽ സൗത്തിൽ മാത്രമാണ് പ്രശ്നമുണ്ടായത്. അനധികൃതമായി മരം മുറിച്ചുമാറ്റിയതിന് 42 കേസുകളുണ്ട്. മുറിച്ച മരങ്ങൾ സർക്കാരിന്റെ കസ്റ്റഡിയിലുണ്ട്. പിന്നെയെവിടെയാണ് കൊള്ള? പിഴവുള്ളതിനാലല്ല, ദുരുപയോഗിച്ചതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും കാനം വ്യക്തമാക്കി.

Advertisement
Advertisement