എനിക്കൊരു ഫോൺ തരുമോ എന്ന് ചന്ദനയുടെ കത്ത്; ഫോണുമായി കളക്ടർ വീട്ടിൽ

Thursday 17 June 2021 12:14 AM IST

തൃക്കാക്കര: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല..." കളക്ടറേറ്റിലെത്തിയ ഒരു കത്തിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എൻ.എസ്.എസ്. ഗവൺമെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ചന്ദനയാണ് തന്റെ ആവശ്യം ജില്ലാ കളക്ടറെ കത്തിലൂടെ അറിയിച്ചത്. കിട്ടിയ കത്തിൽ തീരുമാനമെടുക്കാൻ കളക്ടർ എസ്.സുഹാസിന് അധിക സമയം വേണ്ടിവന്നില്ല. ചന്ദനയുടെ വീട്ടിൽ നേരിട്ടെത്തി പുതിയ ഫോൺ കൈമാറി.

ഓൺലൈൻ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോൺ കേടായതിനെ തുടർന്ന് പഠനം മുടങ്ങിയിരുന്നു. പെയിന്റിംഗ് ജോലിക്കു പോയിരുന്ന അച്ഛൻ ആദർശിനും ഒരു കടയിൽ ജോലിക്കു പോയിരുന്ന അമ്മ ഷീനയ്ക്കും ലോക്ക്ഡൗൺ കാരണം ജോലിയില്ലാതായി. ഫോൺ ഇല്ലാതായതോടെ ഒരു കിലോമീറ്റർ അകലെ താമസിക്കുന്ന കൂട്ടുകാരി ആഷ്ണമോൾ രഘുവിന്റെ ഫോണിൽ നോക്കിയാണ് ചന്ദന പഠിച്ചിരുന്നത്. എന്നാൽ ഇവിടെ കൊവിഡ് കേസ് കൂടിയപ്പോൾ അങ്ങോട്ടുവിടാൻ അച്ഛനും അമ്മയ്ക്കും ഭയമായി. തുടർന്നാണ് തന്റെ വിഷമം കളക്ടറോട് പറയാൻ ചന്ദന തീരുമാനിച്ചത്.

ചന്ദനയുടെ ചോദ്യത്തിൽ തന്നിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് അനുഭവപ്പെട്ടതെന്ന് കളക്ടർ എസ്. സുഹാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചന്ദനയും കൂട്ടുകാരി ആഷ്ണയും വീട്ടിലുണ്ടായിരുന്നു. നന്നായി പഠിക്കാമെന്ന് ഇരുവരും ഉറപ്പു നൽകി. ഇതെന്റെ കടമയാണ്. ഔദ്യോഗികജീവിതത്തിന്റെ തിരക്കുകൾക്കിടെ ഒരുപക്ഷേ ഇക്കാര്യമെല്ലാം വിസ്മരിച്ചേക്കാം. പക്ഷേ ആ കൊച്ചു മിടുക്കികളിൽ ഇതുണ്ടാക്കിയ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഏറെ വലുതാണെന്ന് കളക്ടർ പറഞ്ഞു.

Advertisement
Advertisement