മകന് പിന്നാലെ അമ്മയും യാത്രയായി

Thursday 17 June 2021 12:00 AM IST
പ്രിയംവദ

 ചൊവ്വാഴ്ച അന്തരിച്ച ഡോ. ജി. പദ്മറാവുവിന്റെ മാതാവ് ഇന്നലെ നിര്യാതയായി

കൊല്ലം: ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ നിരൂപകനും അദ്ധ്യാപകനുമായ ഡോ. ജി. പത്മറാവുവിന്റെ അമ്മ പേഴുംതുരുത്ത് പദ്മാലയത്തിൽ പ്രിയംവദ (92) ഇന്നലെ നിര്യാതയായി. നേരത്തെ നിര്യാതനായ അച്ഛൻ ഗംഗാധരനെ സംസ്കരിച്ചതിന്റെ തൊട്ടരുകിൽ മകന് ചിത ഒരുക്കുമ്പോഴാണ് ഇന്നലെ അമ്മ പ്രിയംവദയും യാത്രയായത്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പ്രിയംവദയ്ക്ക് ഏറെനാളായി ഓർമ്മയില്ലായിരുന്നു. നേരത്തെ കുടുംബവീട്ടിലായിരുന്നു താമസം. പത്മറാവു അപകടത്തിൽപ്പെട്ട് കിടപ്പിലായതോടെ പ്രിയംവദ മകൾ സുധയുടെ അഞ്ചാലുംമൂട്ടിലെ വീട്ടിലേക്ക് പോയി. മകൻ മരിച്ച വിവരം ബന്ധുക്കൾ പറഞ്ഞെങ്കിലും അമ്മയ്ക്ക് മനസിലായോയെന്ന് ഉറപ്പില്ല. പക്ഷേ, മകനില്ലാത്ത ലോകത്ത് അമ്മ അധികനേരം നിന്നില്ല.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുടുംബവീടായ പദ്മാലയത്തിൽ ഒരുമിച്ചാണ് ഇരുവരുടെയും സംസ്കാരം നടത്തിയത്. മകൾ സുധ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സൂപ്രണ്ടായി വിരമിച്ചു. റിട്ട. തഹസീൽദാർ സുഗതനാണ് സുധയുടെ ഭർത്താവ്.