കാഴ്ചകളുടെ കൗതുകമൊരുക്കി തട്ടുപാറ

Wednesday 16 June 2021 11:10 PM IST

കൂടൽ: പ്രകൃതിയുടെ സുന്ദര കാഴ്ചകൾ സഞ്ചാരികൾക്കു സമ്മാനിക്കുകയാണ് കൂടൽ ഇഞ്ചപ്പാറയ്ക്ക് സമീപത്തെ രാക്ഷസൻപാറയോട് ചേർന്നുകിടക്കുന്ന തട്ടുപാറ. വിശാലമായ ഏക്കർ കണക്കിന് സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന രാക്ഷസൻപാറ നാടിന്റെ പൈതൃകസ്വത്താണ്. അതിനോട് ചേർന്നുകിടക്കുന്ന തട്ടു പാറയിൽ നിന്നുനോക്കിയാൽ കാണുന്ന ദൃശ്യങ്ങൾ മനോഹരമാണ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഇഞ്ചപ്പാറ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. മഴക്കാലത്ത് ഈർപ്പം കിനിയുന്ന പാറയിൽ നാനാതരം ചെടികൾ വളരുന്നു. കാതൊന്നു വട്ടം പിടിച്ചാൽ പലതരം കിളികളുടെ പാട്ടുകൾ കേൾക്കാം.അപൂർവയിനം ചിത്രശലഭങ്ങളെയും ഇവിടെ കാണാൻ കഴിയും. സായാഹ്‌നങ്ങൾ ചെലവഴിക്കാൻ ഏറ്റവും പറ്റിയസ്ഥലം കൂടിയാണിയാണിത്. ഇവിടെ നിന്നുള്ള മഴക്കാഴ്ചകൾ മനോഹരമാണ് .പാറയുടെ മുകളിൽ കയറിയാൽ വിദൂര സ്ഥലങ്ങൾ വരെ കാണാൻ കഴിയും . അസ്തമയ സൂര്യൻ മറയുന്ന ദൃശ്യം മനോഹരമായി ഇവിടെ നിന്ന് കാണാൻ കഴിയും. ഗുരുനിത്യചൈതന്യയതി ചെറുപ്പകാലത്ത് ധ്യാനത്തിനും എഴുത്തിനുമായി തിരഞ്ഞെടുത്ത സ്ഥലം കൂടിയാണിത്. 1994ൽ ഇവിടെ പാറ പൊട്ടിക്കാൻ ആദ്യ ശ്രമം നടന്നപ്പോൾ യതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധസമരം നടന്നത്. ഇഞ്ചപ്പാറയിലെ രാക്ഷസൻപാറ, കുറവൻ കുറത്തിപ്പാറ, പുലിപ്പാറ എന്നിവ ഇവുടുത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. അതിരുങ്കലിലെ പടപ്പാറയിൽ തുടങ്ങി പുലിപ്പാറയിൽ അവസാനിക്കുന്ന പാറകൾ ഇവിടെ കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്നു. ഇവിടുത്തെ സ്വാഭാവിക വനത്തോട് ചേർന്നുകിടക്കുന്ന ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ മനുഷ്യന്റെ കൈകടത്തൽ മൂലം കോട്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അച്ചൻകോവിൽ മലനിരകളുടെ മടിത്തട്ടിൽ കുടപ്പാറയും രാക്ഷസൻ പാറയും തട്ടുപാറയും പാക്കണ്ടവും പാലമലയും തീർത്ത പ്രദേശങ്ങളാണിവിടുത്തെ ജനവാസമേഖലകൾ.

Advertisement
Advertisement