കോൺഗ്രസിന്റെ കടിഞ്ഞാണേന്തി കെ.എസ്

Thursday 17 June 2021 12:00 AM IST

 ഇന്ദിരാ ഭവനിൽ മാനംമുട്ടെ ആവേശം

 എല്ലാം മറന്ന് എല്ലാവരും ഒന്നിക്കാൻ ആഹ്വാനം

തിരുവനന്തപുരം: സമയം രാവിലെ പത്ത്. അണികളുടെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ള ഇന്നോവ കാർ ഇന്ദിരാഭവന്റെ മുറ്റത്ത്. താരപരിവേഷത്തോടെ കാറിൽ നിന്നിറങ്ങിയത് തങ്ങളുടെ പ്രിയപ്പെട്ട കെ.എസ്. ഹർഷാരവങ്ങളോടെ വരവേല്പ്, പുഷ്പവൃഷ്ടി. മുതിർന്ന കോൺഗ്രസ് നേതാക്കളെയും, എ.ഐ.സി.സി പ്രതിനിധികളെയും, നൂറുകണക്കിന് പ്രവർത്തകരെയും സാക്ഷിയാക്കി പുതിയ കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരൻ എം.പി ചുമതലയേറ്റു. രാവിലെ 11ന് നടന്ന ചടങ്ങിൽ കെ.പി.സി.സിയുടെ കടിഞ്ഞാൺ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് അദ്ദേഹം സ്വീകരിച്ചു. പി.ടി. തോമസ്,​ കൊടിക്കുന്നിൽ സുരേഷ്,​ ടി.സിദ്ദിഖ് എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരായി സ്ഥാനമേറ്റു.

കിഴക്കേകോട്ടയിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണത്തിനും, പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷമാണ് സുധാകരൻ ഇന്ദിരാ ഭവനിലെത്തിയത്. സ്വീകരണത്തിന് ശേഷം സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. പാർട്ടി പതാക ഉയർത്തി. ചടങ്ങ് നടന്ന മുകളിലത്തെ നിലയിലെ ഹാൾ നേതാക്കളാൽ നിറഞ്ഞുകവിഞ്ഞു. പ്രവർത്തകർ മറ്റുള്ള ഹാളുകളിലും മുറ്റത്തുമായി ഇരുന്നു. അവിടെയെല്ലാം എൽ.ഇ.ഡി വാളിലൂടെ ലൈവായി ചടങ്ങ് പ്രദർശിപ്പിച്ചു.

''പുതിയ നേതൃത്വത്തിന് മുന്നിൽ ഒരുപാട് പദ്ധതികളുണ്ട്. കരുത്തോടെ മുന്നോട്ട് പോകണം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പോടെ നമ്മൾ കരുത്ത് വീണ്ടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യണം. അതിന് എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണം'' കെ.സുധാകരന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയടി. വലിയൊരു ഹാരം പ്രവർത്തക‌ർ അദ്ദേഹം ഉൾപ്പെടെ വേദിയിലിരുന്ന നേതാക്കളെ അണിയിച്ചു.

പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ സ്വാഗതം പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന നേതൃയോഗത്തിൽ കെ.പി.സി.സി, ഡി.സി.സി പുന:സംഘടനയുടെ പ്രാഥമിക ചർച്ചകൾ നടന്നു.

ഇന്നലെ രാവിലെ 9നു മുമ്പ് വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയുളള റോഡിന്റെ ഇരുവശത്തും കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ കൊണ്ടു നിറഞ്ഞു. റോഡുവക്കിൽ പ്രവർത്തകർ പാർട്ടി പതാക വീശി നിലയുറപ്പിച്ചു. കൊവി‌ഡ് മാനദണ്ഡം പാലിക്കണമെന്ന നിർദ്ദേശത്തിനിടെയും പുതിയ പ്രസിഡന്റിന് ആശംസകൾ നേരാൻ നിരവധി നേതാക്കളും പ്രവർത്തകരും എത്തി.