നീണ്ട ഇടവേള പിന്നിട്ട് ഇളവ് സ്വകാര്യ ബസ്സുകൾ വീണ്ടും

Thursday 17 June 2021 12:02 AM IST
സ്വകാര്യ ബസ് സർവീസ്

 രണ്ടു ദിവസം 10 % മാത്രം സർവീസ്

 തിങ്കളാഴ്ചയോടെ പതിവ് രീതിയിലേക്ക്

കോഴിക്കോട്: സമ്പൂർണ ലോക്ക് ഡൗൺ വന്നതോടെ ഓട്ടം നിലച്ച സ്വകാര്യ ബസ് സർവീസിന് നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ജീവൻ വയ്ക്കുകയായി. സിറ്റി, റൂറൽ പരിധിയിൽ എല്ലാ റൂട്ടുകളിലെയും സർവീസ് പുന:രാരംഭിക്കാനാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനം. ഇളവുകൾക്ക് വാരാന്ത്യ ഇടവേള തുടരുമെന്നിരിക്കെ, ഓട്ടം പഴയ മട്ടിലാവാൻ ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കുന്നതു വരെ കാക്കേണ്ടി വരും.
ബസ്സുകളിൽ നല്ലൊരു പങ്കിനും സ്വാഭാവിക അറ്റകുറ്റപ്പണികൾ തീർക്കേണ്ടതിനാൽ ഇന്നും നാളെയും 10 ശതമാനം ബസുകളേ ഓടാൻ സാദ്ധ്യതയള്ളൂവെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി തുളസീദാസ്

പറഞ്ഞു. തിങ്കളാഴ്ചയോടെ മുഴുവൻ ബസ്സുകളും ഇറക്കാനാവുമെന്നാണ് പ്രതീക്ഷ.

ജി ഫോം സമർപ്പിച്ച ബസുകൾ നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തില്ല. യാത്രക്കാർ സീറ്റിൽ മാത്രമെ പാടുള്ളൂവെന്ന വ്യവസ്ഥ തലവേദനയായി ബാക്കിയുണ്ടെന്നും ബസ് ഉടമകൾ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധനവില വല്ലാതെ ഉയർന്നതും നിരക്ക് വർദ്ധന നിത്യേന തുടരുന്നതും കണക്കിലെടുക്കുമ്പോൾ ഭീമമായ നഷ്ടം സഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് മിക്കവരും. നികുതിയിൽ ഇളവ് അനുവദിച്ചാൽ പോലും നിലവിലെ സാഹചര്യത്തിൽ സർവീസ് ലാഭകരമാവില്ലെന്നു ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.

ഒന്നര മാസമായി സ്വകാര്യ ബസുകൾക്ക് ഓട്ടമില്ല. അയ്യായിരത്തോളം രൂപ പ്രതിദിനം ചെലവിടേണ്ടി വരുമ്പോൾ ഇന്നത്തെ അവസ്ഥയിൽ പ്രതീക്ഷിക്കുന്നത് ഏതാണ്ട് 2000 രൂപയാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഒരു ലിറ്റർ ഡീസലിന് 67 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 92.42 രൂപയിൽ എത്തിനിൽക്കുകയാണ്. ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം ദിവസം 8000 രൂപയെങ്കിലും വരും ചെലവ്. കനത്ത നഷ്ടം സഹിച്ച് എത്ര നാൾ സർവീസ് തുടരാനാവുമെന്ന ആധിയിലാണ് ഉടമകൾ.

ജീവനക്കാരുടെ ബോണസ്, ക്ഷേമനിധി, ബസ് പരിപാലനം എന്നീ ഇനങ്ങളിലെ ചെലവ് വേറെയുമുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതു വരെയെങ്കിലും നികുതിയിളവിനു പുറമെ ഡീസലിന് സബ്സിഡി, യാത്രാനിരക്ക് വർദ്ധനവ് എന്നീ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം നൽകിയിരിക്കുകയാണ്.

ജില്ലയിൽ നേരത്തെ 1260 ബസ്സുകൾ സർവീസ് നടത്തിയിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിനു ശേഷം ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങിയത് ഏതാണ്ട് 450 ബസ്സുകൾ മാത്രമാണ്. പിന്നീട് കുറേയേറെ ഓട്ടം പുന:രാരംഭിച്ചപ്പോഴും നാന്നൂറോളം ബസുകൾ ഒരു വർഷത്തിലേറെയായി ഓടിയിട്ടില്ല.

Advertisement
Advertisement