കടൽ കലിതുള്ളിയാൽ ജോസഫിന്റെയും ആനിയുടെയും ജീവിതം വെള്ളത്തിൽ

Friday 18 June 2021 12:37 AM IST

കൊച്ചി: കടലാക്രമണം രൂക്ഷമാകുമ്പോൾ ചെല്ലാനത്തെ വീടുകൾ വെള്ളത്തിൽ മുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. ദിവസങ്ങൾ കഴിയുമ്പോൾ വെള്ളമിറങ്ങുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ഒരു മാസത്തോളമായി വെള്ളത്തിൽ തന്നെയാണ് ചെല്ലാനം വലിയപറമ്പിൽ ജോസഫ്, ആനി ദമ്പതികളുടെ ജീവിതം.

വർഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവരുടെ വീടിന് മുന്നിലൂടെ ഒഴുകുന്ന ഉപ്പത്താം തോട്ടിൽ വെള്ളം താഴാതെ ഈ ദുരിതമൊഴിയില്ല. ഇത്തവണ ഏറെ നാശനഷ്ടങ്ങളും ഇവർക്കുണ്ടായി. പാത്രങ്ങൾ നഷ്ടപ്പെട്ടു. ആരോഗ്യ സ്ഥിതി മോശമായ ജോസഫ് സ്ഥിരമായി കിടക്കുന്ന ചെറിയ കട്ടിൽ ഉപയോഗിക്കാൻ പറ്റാതായി. ദിവസങ്ങൾക്ക് മുൻപ് വീടിനകത്ത് മണ്ണ് നിറഞ്ഞിരുന്നു. സമീപവവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മണ്ണ് നീക്കിയത്. വെള്ളം വീണ്ടും കയറിയതോടെ പിന്നെയും മണ്ണു നിറഞ്ഞു.

ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായിരുന്ന ജോസഫ് നാളുകൾക്ക് മുൻപ് ജോലിക്കിടെ വീണ് ഗുരുതര പരിക്കേറ്റതാണ്. അതിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല. അഞ്ചു ലക്ഷത്തിലേറെ രൂപ അമ്പതുകാരനായ ജോസഫിന്റെ ചികിത്സയ്ക്കായി ചെലവഴിച്ചു. ആനി വീട്ടുജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ തുകയാണ് ഏഴ് വർഷമായി കുടുംബത്തിന്റെ ഏക ആശ്രയം. മക്കളി​ല്ലാത്ത വി​ഷമം വേറെ. ബന്ധുക്കളുടെയും സുമനസുകളുടെയും സഹായം കൊണ്ടാണ് ചികിത്സാ ചെലവുകൾ നടക്കുന്നത്. ദുരിത ജീവിതം മെല്ലെ തള്ളി നീക്കുന്നതിനിടെയാണ് കടലാക്രമണം വെല്ലുവിളിയായത്.

ഇടയ്ക്ക് വെള്ളം അല്പം താഴ്ന്നെങ്കിലും ബുധനാഴ്ച വെളുപ്പിന് വീണ്ടും കടൽ കയറ്റമുണ്ടായി. ഇതോടെ മുൻപത്തേക്കാൾ വെള്ളം വീടിനുള്ളിലേക്ക് ഇരച്ചെത്തി. പരിക്കുകൾ അലട്ടുന്ന ജോസഫിന് ഇങ്ങനെ വെള്ളത്തിൽ കഴിയേണ്ടി വരുന്നത് ഏറെ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. പ്രശ്നം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളം കയറി നാശമായ ഒറ്റമുറി വീട്ടിൽ ഇനിയെന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ് ഇരുവരും.

മുൻപ് വെള്ളം കയറിയാൽ രണ്ടു ദിവസത്തിനുള്ളിൽ ഇറങ്ങുമായിരുന്നു. ഇനിയും ഈ വെള്ളത്തിൽ എങ്ങനെ ജീവിക്കുമെന്നറിയില്ല. പ്രശ്‌ന പരിഹാരത്തിന് മുട്ടാത്ത വാതിലുകളില്ല.

ആനി

Advertisement
Advertisement