ക​ൺ​മ​ണി​യു​ടെ​ ​കാ​ൽ​വി​രൽ ഒ​രുക്കും​ ​നെ​റ്റി​പ്പ​ട്ട​ം

Thursday 17 June 2021 11:01 PM IST

കൺമണി നെറ്റിപ്പട്ട നിർമ്മാണത്തിൽ

തിരുവനന്തപുരം: ലോക്ക് ഡൗണിൽ സംഗീത പരിപാടികളും പഠനവും മുടങ്ങിയപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് കണ്മണി ഉറപ്പിച്ചു. കാൽ വിരലുകൾക്കിടയിൽ ബ്രഷ് തിരുകി കാൻവാസിൽ മ്യൂറൽ പെയിന്റിംഗ് വരയ്‌ക്കുന്ന കണ്മണിയുടെ മനസിൽ പുതിയൊരു ചിന്ത വന്നു - തിടമ്പേറ്റുന്ന ഗജവീരന് പ്രൗഢിയേകുന്ന നെറ്റിപ്പട്ടം നിർമ്മിച്ചാലോ. ക്രാഫ്റ്റ് വർക്ക് ചെയ്യുന്ന ജോർജ്ജ് മാഷിൽ നിന്ന് ആ വിദ്യ പഠിച്ചു. വീടുകൾക്ക് അലങ്കാരമാകുന്ന ചെറിയ നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ച് വിൽക്കുകയാണ് ഇപ്പോൾ കണ്മണി.

മാവേലിക്കര അറുനൂറ്റിമംഗലം 'അഷ്ടപദി'യിൽ പ്രവാസിയായ ശശികുമാറിന്റെയും രേഖയുടെയും മകളാണ്. ജന്മനാ ഇരുകൈകളും ഇല്ലാത്ത മകളിൽ സംഗീതം ഉണ്ടെന്ന തിരിച്ചറിവിലാണ് അച്ഛനമ്മമാർ സംഗീതം പഠിക്കാനയച്ചത്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി ഒന്നാം സമ്മാനം നേടി. ശാസ്ത്രീയ സംഗീതത്തിലും അഷ്ടപദിയിലും കഥകളി സംഗീതത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി. ഇന്ത്യയിലും പുറത്തും കച്ചേരി അവതരിപ്പിച്ചു. 2019 ൽ രാഷ്ട്രപതിഭവനിൽ നടന്ന സംഗീതപരിപാടിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേൾവിക്കാരായി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ നേടിയ കണ്മണി മറ്റു ചിത്രകാരന്മാർക്കൊപ്പം ചിത്രരചനയ്‌ക്ക് ഗിന്നസ് ബുക്കിലും ഇടം നേടി. സംഗീത അദ്ധ്യാപിക ആകാനാണ് ആഗ്രഹം. സ്വാതിതിരുനാൾ സംഗീത കോളേജിൽ മൂന്നാം വർഷ വോക്കൽ വിദ്യാർത്ഥിയാണ്. അച്ഛനും അമ്മയും വീഡിയോ എഡിറ്റിംഗ്‌ വിദ്യാർത്ഥിയായ സഹോദരൻ മണികണ്ഠനും പിന്തുണയുമായുണ്ട്. പഠന സൗകര്യത്തിന് പൂജപ്പുരയിൽ വാടക വീട്ടിലാണ് താമസം.

നെറ്റിപ്പട്ടം നിർമ്മാണം

സ്വർണ വർണമുള്ള വെൽവെറ്റ് തുണി നിലത്തു വിരിച്ച് ഒരു കാലിൽ കത്രിക ഘടിപ്പിച്ച് വേണ്ട അളവിൽ വെട്ടിയെടുക്കും. കാൽ വിരലുകൾക്കിടയിൽ കുമിളകൾ എടുത്ത് മറുകാലിലെ പശയുടെ ട്യൂബിൽ നിന്ന് കുമിളയിൽ പശ തേച്ച് ഒട്ടിക്കും. മണിക്കൂറുകൾ നീണ്ട പരിശ്രമമാണിത്. ആദ്യം ഗണപതിക്കു വച്ച് തൃക്കണ്ണു വയ്ക്കണം. പിന്നെ, പഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും. തുടർന്ന് ചന്ദ്രക്കല വയ്‌ക്കും. ഒറ്റസംഖ്യകളായിരിക്കണം ഓരോ വരിയിലെയും കുമിളകളുടെ എണ്ണം. അമ്മയുടെയും അനുജന്റെയും സഹായത്തോടെയാണ് ആദ്യത്തെ നെറ്റിപ്പട്ടം നിർമ്മിച്ചത്. ഒന്നര മുതൽ അഞ്ചര അടിവരെ നീളമുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ചു.

Advertisement
Advertisement