രണ്ട് ഡോസ് എടുത്തവർക്കും പാസ് നിർബന്ധമോ?​ ആശയക്കുഴപ്പം രൂക്ഷം

Thursday 17 June 2021 11:30 PM IST

തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിനെടുത്താലും യാത്രയ്‌ക്ക് പാസ് വേണമെന്ന് പൊലീസ്. പാസ് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ജനം. അൺ ലോക്കിന്റെ ആദ്യദിനത്തിൽ ഇത് തർക്കത്തിനിടയാക്കി.

അൺലോക്കിൽ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. നിയന്ത്രണത്തിന് പൊലീസും രംഗത്തുണ്ട്. രോഗവ്യാപ്തി കൂടിയ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണാണ്. 20ശതമാനമത്തിലേറെ പോസിറ്റിവിറ്റി ഉള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗണും തുടരുന്നുണ്ട്. ഏതാണ്ട് സെമിലോക്ക് ഡൗൺ നിലവിലുള്ള നഗരങ്ങളിൽ എത്തുന്നവരോട് പൊലീസ് പാസ് ചോദിക്കുന്നതിലാണ് തർക്കം.

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് യാത്രയ്ക്ക് പാസ് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് ജനം ചോദിക്കുന്നത്. ഇതോടെ പൊലീസും അന്തംവിടുകയാണ്. പൊലീസിന് കിട്ടിയ നിർദ്ദേശം അവശ്യസേവന വിഭാഗമല്ലാത്തവർക്ക് ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് യാത്രചെയ്യാൻ സത്യവാങ്മൂലമോ, പൊലീസ് പാസോ വേണമെന്നാണ്. അതിന് വാക്സിനേഷനുമായി ബന്ധമില്ലത്രേ.

ജൂൺ ഒൻപതിന് വാർത്താസമ്മേളനത്തിലാണ് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സംസ്ഥാനത്ത് യാത്രചെയ്യാൻ കൊവിഡ് നെഗറ്റീവ്, ആർ.ടി.പി. സി.ആർ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിൽ പൊലീസ് പാസും ഉൾപ്പെടുമോ എന്ന് വ്യക്തമല്ല.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ജില്ലാതലത്തിൽ നിയന്ത്രണ സമിതിയും നഗരങ്ങളിൽ സിറ്റി പൊലീസ് കമ്മിഷണറും ഗ്രാമങ്ങളിൽ പാസിന്റെ കാര്യം ജില്ലാ പൊലീസ് സൂപ്രണ്ടും തീരുമാനിക്കുമെന്നാണ് ഒൗദ്യോഗിക നിലപാട്. വാക്സിനെടുത്തവർക്ക് യാത്രാരേഖ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോ എന്നതാണ് തർക്കവിഷയം. ഇതിൽ വ്യക്തത വരുത്തി ഉടൻ ഉത്തരവിറക്കി ആശയക്കുഴപ്പം ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.