ശ്രീറാമിന്റെ സ്വന്തം നന്ദിനിക്കുട്ടി !

Friday 18 June 2021 1:09 AM IST

കൊല്ലം: നന്ദിനിക്കുട്ടിയുടെ അടുത്തെത്തിയാൽ ശ്രീറാമിന് മറ്റാരും കൂട്ടുവേണ്ട. കളിയും ചിരിയുമായി അവൻ ഉഷാറാകും. പുത്തൂർ തെക്കുംപുറം സംസ്കൃതിയിൽ റെയിൽവേ ഉദ്യോഗസ്ഥനായ ശരത്ചന്ദ്രന്റെ മകൻ രണ്ടുവയസുകാരൻ ശ്രീറാം ശരത്തിന്റെയും പശുക്കിടാവിന്റെയും സൗഹൃദത്തിന്റെ കഥയാണിത്.

അഞ്ചുമാസം മുമ്പ് ശരത്ചന്ദ്രൻ കുടുംബസമേതം അമ്മവീടായ കൈതക്കോട്ട് മേലൂട്ട് വീട്ടിൽ താമസിച്ചിരുന്നപ്പോഴാണ് കുഞ്ഞ് ശ്രീറാമിന് കൂട്ടായി നന്ദിനിക്കുട്ടിയെ കിട്ടുന്നത്. അമ്മാമ്മ പ്രസന്നയുടെ ലക്ഷ്മിക്കുട്ടി എന്ന വെച്ചൂർ പശു പ്രസവിച്ചപ്പോൾ ശ്രീറാം കൗതുകത്തോടെ നോക്കിനിൽക്കുകയായിരുന്നു. പശുക്കിടാവ് തലയുയർത്തി നോക്കുന്നതും എണീറ്റുനിൽക്കാൻ ശ്രമിക്കുന്നതും ഇടറിവീഴുന്നതും കണ്ടുനിന്ന കുരുന്നുമനസ് അന്നുതന്നെ അവളോട് കൂട്ടുകൂടാൻ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ മുതൽ അവൻ കളിചിരികളുമായി ഒപ്പംകൂടി. നന്ദിനിക്കുട്ടീ.... എന്ന് നീട്ടിവിളിച്ച് അവൻ പശുക്കിടാവിന്റെ കഴുത്തിൽ ചുറ്റിപ്പിടിക്കും ഉമ്മവയ്ക്കും. ഇപ്പോൾ ശ്രീറാം ആഹാരം കഴിക്കണമെങ്കിൽ നന്ദിനിക്കുട്ടിയുടെ അടുത്തെത്തിക്കണമെന്ന് അമ്മ വീണ പറയുന്നു. മാത്രമല്ല ഭക്ഷണത്തിൽ ഒരുപങ്ക് നന്ദിനിക്കുട്ടിക്ക് നൽകിയില്ലെങ്കിലും അവൻ പിണങ്ങും.

ശരത്ചന്ദ്രനും കുടുംബവും പുത്തൂരിലെ വീട്ടിലേക്ക് മടങ്ങിയെത്തിയതോടെ ശ്രീറാം ആകെ സങ്കടത്തിലാണ്. ഭക്ഷണം കഴിക്കാതെയും ആരുമായും കൂട്ടുകൂടാതെയും അവൻ കുറുമ്പ് കാട്ടിത്തുടങ്ങിയതോടെ മാതാപിതാക്കൾ ഒരു തീരുമാനത്തിലെത്തി. സമയം കിട്ടുമ്പോഴെല്ലാം ശ്രീറാമിനെ നന്ദിനിക്കുട്ടിയുടെ അടുത്തെത്തിക്കുക. പശുക്കിടാവ് കുറച്ചുകൂടി വളർന്നുകഴിയുമ്പോൾ പുത്തൂരിലേക്ക് കൊണ്ടുവരാനാണ് ശരത്ചന്ദ്രന്റെ തീരുമാനം.

ഈ മാസം 26ന് ശ്രീറാമിന് രണ്ടുവയസ് പൂർത്തിയാകും. പിറന്നാളാഘോഷത്തിന് എന്തായാലും നന്ദിനിക്കുട്ടി ഒപ്പമുണ്ടാകണമെന്ന നിർബന്ധം അവൻ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. നന്ദിനിക്കുട്ടിയും ശ്രീറാമും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ ഇപ്പോൾ നവമാദ്ധ്യമങ്ങളിലും തരംഗമാണ്.

Advertisement
Advertisement