ഇവാൻ വുകോമനോവിച്ച് ബ്ളാസ്റ്റേഴ്സ് കോച്ച്

Friday 18 June 2021 2:11 AM IST

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സിയുടെ പുതിയ ഹെഡ് കോച്ചായി ഇവാൻ വുകോമനോവിച്ചിനെ നിയമിച്ചു. അടുത്ത സീസണിൽ നേട്ടം ലക്ഷ്യമിട്ടാണ് നിയമനം.

ബെൽജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളിൽ വിപുലമായ പരിശീലക അനുഭവവുമുണ്ട് ഇവാന്. 2013-14 സീസണിൽ ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലിഗയുടെ സഹപരിശീലകനായാണ് 43 കാരനായ വുകോമനോവിച്ച് കോച്ചിങ് കരിയർ ആരംഭിച്ചത്. തുടർന്ന് മുഖ്യപരിശീലകനായി. ഇവാന് കീഴിൽ ടീം തുടർച്ചയായി രണ്ടു വർഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഈ കാലയളവിൽ, ബെൽജിയയുടെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോൺ എന്നിവരെ രൂപപ്പെടുത്തുന്നതിലും പങ്കുവഹിച്ചു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോൺ ലിമാസ്സോളിന്റെ ചുമതലയാണ് ഏറ്റവുമൊടുവിൽ വഹിച്ചത്.

കോച്ചിങ് കരിയറിന് മുമ്പ് 15 വർഷം പ്രൊഫഷണൽ ഫുട്‌ബോൾ താരമായിരുന്നു. ഫ്രഞ്ച് ക്ലബ്ബായ എഫ്‌.സി ബാർഡോ, ജർമൻ ക്ലബ്ബായ എഫ്‌.സി കൊളോൺ, ബെൽജിയൻ ക്ലബ്ബ് റോയൽ ആന്റ്‌വെർപ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെർബിയൻ ക്ലബ്ബായ റെഡ്സ്റ്റാർ ബെൽഗ്രേഡ് എന്നീ ടീമുകൾക്കായി കളിച്ചു.

സമ്മർദം കൈകാര്യം ചെയ്യാനും വെല്ലുവിളിക്കും ഉത്തരവാദിത്തത്തിനും അനുയോജ്യനാണ് ഇവാനെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് പറഞ്ഞു. അടുത്തയാഴ്ച ഇവാൻ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷയുൽ പരിശീലന ക്യാമ്പ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ടീം മാനേജ്മെന്റ് അറിയിച്ചു.