ടെസ്റ്റിൽ ലോക ഫൈനൽ

Friday 18 June 2021 2:15 AM IST

സതാംപ്ടൺ : ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാമ്പ്യനാരെന്ന ചോദ്യത്തിന് ഉത്തരം തേടി ഇന്ത്യയും ന്യൂസിലാൻഡും ഇന്നുമുതൽ ഇംഗ്ളണ്ടിൽ കൊമ്പുകോർക്കുന്നു. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേ‍ഡിയത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് തുടക്കമാകുന്നത്.

ഏകദിന, ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പുകളുടെ മാതൃകയിൽ ടെസ്റ്റിലെ ലോകജേതാക്കളെ കണ്ടെത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണു 12 വർഷത്തിന് ശേഷം ഫൈനൽ വരെ എത്തിനിൽക്കുന്നത്.കൊവിഡിന് മുമ്പ് തുടങ്ങിവച്ച ഉഭയകക്ഷി പരമ്പരകളിൽ നിന്ന് പോയിന്റ് ക്രമത്തിൽ മാറ്റം വരുത്തി വിജയശരാശരി കണക്കിലെടുത്താണ് ഇന്ത്യയെയും ന്യൂസിലാൻഡിനെയും ഫൈനലിന് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഐ.സി.സി റാങ്കിങ്ങിലെ ആദ്യരണ്ട് സ്ഥാനക്കാർ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

2019ലെ ഏകദിന ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയിൽ‌ നഷ്ടപ്പെട്ട ന്യൂസിലാൻഡിനെ നയിക്കുന്നത് കെയ്ൻ വില്യംസനാണ്. ഇന്ത്യയെ ഇതുവരെ ഒരു ഐ.സി.സി കിരീടത്തിലേക്ക് പോലും നയിച്ചിട്ടില്ലാത്ത വിരാട് കൊഹ്‌ലിയാണ് എതിർവശത്ത്. ഇതേ വേദിയിൽ ദിവസങ്ങൾക്കു മുമ്പ് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം നേടിയ ആത്മവിശ്വാസവുമായാണ് കിവികളുടെ വരവ്. വില്യംസണടക്കം ആറുമു‍ൻനിര താരങ്ങളില്ലാതെ മത്സരത്തിനിറങ്ങിയാണു കിവീസ് എട്ടുവിക്കറ്റിന്റെ വിജയം പിടിച്ചെടുത്തത്. ഇന്ത്യ മാർ‌ച്ചിനുശേഷം കളിക്കാനിറങ്ങുന്ന ആദ്യ ടെസ്റ്റാണിത്. ഈ വർഷമാദ്യം ആസ്ട്രേലിയയിലും തുടർന്നു നാട്ടിൽ ഇംഗ്ലണ്ടിനെതിരെയും പരമ്പര സ്വന്തമാക്കിയിരുന്നതാണ് കൊഹ്‌ലിപ്പടയ്ക്ക് കരുത്തേകുന്ന ഘടകം.

1. കിവീസ് പേസ് നിരയും ഇന്ത്യൻ ബാറ്റ്സ്മാൻമാരും തമ്മിലുള്ള പോരാട്ടമാകും ഫൈനൽ. ടിം സൗത്തി, ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻട്രി എന്നീ ബൗളർമാരെ രോഹിത് ശർമയെയും പൂജാരയും കൊഹ്‌ലിയും എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് പേസർമാർക്കു നല്ല പിന്തുണ നൽകുന്നതാവും സതാംപ്ടണിലെ പിച്ച്.

2. 2019 നവംബറിനുശേഷം ടെസ്റ്റിൽ സെഞ്ച്വറി നേടാൻ കഴിയാത്തതിന്റെ കുറവ് തീർക്കാനാണ് ഇന്ത്യൻ നായകൻ കൊഹ്‌ലി ഇറങ്ങുന്നത്. പത്തുതവണ അഹാരാഷ്ട്ര മത്സരങ്ങളിൽ കൊഹ‌്ലിയെ പുറത്താക്കിയിട്ടുള്ള പേസർ മാറ്റ് ഹെൻട്രിയാകും കിവികളുടെ തുറുപ്പുചീട്ട്.

3. രോഹിത് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗില്ലാകും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. കെ.എൽ രാഹുലും മായാങ്ക് അഗർവാളുമില്ല.കൊഹ്‌ലി,പുജാര,രഹാനെ എന്നിവർക്കൊപ്പം ജഡേജയും ഹനുമ വിഹാരിയും റിഷഭ് പന്തും ടീമിലുണ്ട്.

4. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബൗളർമാർ. ജഡേജയ്ക്കൊപ്പം അശ്വിനാണ് സ്പിൻ ബൗളറായിയുള്ളത്.

5. ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ഡെവോൺ കോൺവേയ് ആണ് കിവീസ് നിരയിലെ പുതിയ വെല്ലുവിളി.കോളിൻ ഗ്രാൻഡ്ഹോം, വിൽ യംഗ്, ടോം ബ്ലണ്ടൽ, റോസ് ടെയ്ലർ എന്നിവർ ടീമിലെ സ്ഥാനം നിലനിറുത്തിയപ്പോൾ സ്പിന്നറായി അജാക്സ് പട്ടേലിനെ ഉൾപ്പെടുത്തി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ് - സമ്മാനത്തുക

ജേതാക്കൾ: 11.72 കോടി രൂപ

റണ്ണറപ്പ്: 5.86 കോടി രൂപ

ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇതുവരെ

ഇന്ത്യ

മത്സരം 17

ജയം 12

സമനില 1

തോൽവി 4

ശരാശരി പോയിന്റ് 72.2

ന്യൂസിലാൻഡ്

മത്സരം 11

ജയം 7

സമനില 0

തോൽവി 4

ശരാശരി പോയിന്റ് 70

59 ടെസ്റ്റുകളാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇതുവരെ കളിച്ചിട്ടുള്ളത്. 21 കളികളിൽ ഇന്ത്യൻ വിജയം. 12 വിജയം ന്യൂസിലാൻഡിന്. 26 മത്സരങ്ങൾ സമനിലയിൽ .

ടി വിലൈവ് ഉച്ചകഴിഞ്ഞ് 3 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ

4,000 കാണികൾക്ക് സതാംപ്ടണിലെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം: വിരാട് കൊഹ്‌ലി (ക്യാപ്ടൻ), അജങ്ക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

Advertisement
Advertisement