കവരത്തിയിൽ സ്ഥലം എടുക്കാൻ നാട്ടിയ കൊടികൾ നീക്കി

Friday 18 June 2021 2:18 AM IST

കൊച്ചി:ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിൽ വിവിധ പദ്ധതികൾക്കായി സ്ഥലങ്ങൾ അളന്നുതി​രി​ച്ച് നാട്ടിയ കൊടികൾ ഭരണകൂടം നീക്കം ചെയ്‌തു. ഹാർബർ ഓഫീസ്, ഡാക്ക് ബംഗ്ലാവ്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് റോഡ് എന്നി​വി​ടങ്ങളി​ലായി ആശുപത്രി, നഴ്സിംഗ് കോളേജ് തുടങ്ങി​യ നി​ർമ്മാണങ്ങൾക്ക് ഭൂമി​യേറ്റെടുക്കുന്നതി​ന്റെ ഭാഗമായാണ് ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥർ കൊടികൾ സ്ഥാപിച്ചത്.

ഇത് സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് ദ്വീപു വാസികൾ രംഗത്തെത്തിയിരുന്നു. ഏറ്റെടുത്ത സ്ഥലത്ത് രണ്ട് വീടുകളുമുണ്ട്. ഭൂമി അളന്ന് കൊടി നാട്ടിയത് അഡ്മിനിസ്ട്രേറ്റർ വരുമ്പോൾ സ്ഥലം തിരിച്ചറിയാനാണെന്നും ഭൂമി​ ഏറ്റെടുത്തതല്ലെന്നും അധികൃതർ വ്യക്തമാക്കി.

പഞ്ചായത്ത് അംഗങ്ങളുടെ പ്രതി​ഷേധം

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പാട്ടേലിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി തിരിച്ചെടുത്ത പഞ്ചായത്തിന്റെ അധികാരങ്ങൾ പുനഃസ്ഥാപി​ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ ദ്വീപിൽ പ്രതിഷേധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി വകുപ്പുകളാണ് തദ്ദേശസ്ഥാപനങ്ങളിൽ നി​ന്ന് തി​രി​ച്ചെടുത്തത്.

പഞ്ചായത്ത് അംഗങ്ങൾ വീടുകളിലും പഞ്ചായത്തുകളിലും പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും സ്ഥലങ്ങൾ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് നാളെയും അംഗങ്ങൾ സമരം നടത്തും. രാത്രിയിൽ ലൈറ്റുകൾ അണച്ച് മെഴുകുതിരി കത്തിച്ച് പാത്രം കൊട്ടിയും പ്രതിഷേധിക്കും.

Advertisement
Advertisement