വൈദ്യുതി സ്വകാര്യവത്കരണം ചെലവ് കമ്പനി വഹിക്കണം

Friday 18 June 2021 2:39 AM IST

കൊച്ചി: ലക്ഷദ്വീപിലെ വൈദ്യുതി ഉത്പാദനവും വി​തരണവും സ്വകാര്യവത്കരി​ക്കുന്ന പദ്ധതി​യി​ൽ ഡീസൽ ഉൾപ്പെടെ സകല ചെലവും കരാറെടുക്കുന്ന കമ്പനി വഹിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ.

ഡീസൽ ജനറേറ്ററുകളാണ് ദ്വീപി​ൽ വൈദ്യുതി​ ഉത്പാദിപ്പിക്കുന്നത്. യൂണിറ്റിന് 28 രൂപയാണ് ചെലവ്. രണ്ട് വർഷം കൊണ്ട് ഇത് അവസാനി​പ്പി​ച്ച് പൂർണമായും സൗരോർജ്ജത്തി​ലേക്ക് മാറ്റാനാണ് പദ്ധതി​.

കേന്ദ്ര സർക്കാരിന്റെ ടെൻഡർ നടത്തുന്ന ട്രാൻസാക്‌ഷൻ അഡ്വൈസർ കമ്പനിയുമായുള്ള യോഗത്തിലാണ് അഡ്മിനിസ്ട്രേറ്റ‌ർ നിർദ്ദേശം വച്ചത്. ഡീസൽ ചെലവും സർക്കാർ ജീവനക്കാരുടെ ശമ്പളവും ഭരണകൂടം വഹി​ച്ചാലേ സ്വകാര്യ കമ്പനികൾ പദ്ധതി ഏറ്രെടുക്കൂ എന്ന് അഡ്വൈസർ കമ്പനി സൂചി​പ്പിച്ചി​രുന്നു.

50 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥരെ സർക്കാ‌രും ബാക്കിയുള്ളവരെ കമ്പനിയും ഏറ്റെടുക്കണമെന്നും അഡ്വൈസർ നിർദ്ദേശിച്ചു. ഇത് അഡ്മിനിസ്ട്രേറ്റർ അംഗീകരി​ച്ചി​ല്ല.

ദാമനിലെ ട്രാൻസാക്‌ഷൻ അഡ്വൈസറി ഓഫീസർമാരുമായി പദ്ധതി​യുടെ വി​ശദാംശങ്ങൾ ദ്വീപി​ലെ വൈദ്യുതി​ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച ചെയ്യും. ഇതിനായി സംഘം നാളെ ദാമനിലേക്ക് തിരിക്കും. അഡ്മിനിസ്ട്രേറ്ററും ദാമനിലെത്തിയ ശേഷം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാകും ചർച്ച.

ഡീസൽ ചെലവ് വഹിക്കുന്നതു സംബന്ധിച്ച് ചർച്ചയിൽ തീരുമാനമുണ്ടായേക്കും.

തൊഴിൽ നഷ്ടമാകുമെന്ന ഭയത്താൽ വൈദ്യുതി​ വകുപ്പി​ലെ ജീവനക്കാരും വൈദ്യുതി നിരക്കിനെ ചൊല്ലിയുള്ള ആശങ്കയാൽ ലക്ഷദ്വീപ് ജനതയും പദ്ധതി​യെ ശക്തമായി​ എതി​ർക്കുമെന്ന് ഉറപ്പാണ്.

 കവരത്തി​യി​ൽ പുതി​യ വി​മാനത്താവളം?

ലക്ഷദ്വീപി​ന്റെ തലസ്ഥാനമായ കവരത്തിയിൽ പുതിയ വിമാനത്താവളം നി‌ർമ്മിക്കാനുള്ള നീക്കവുമായി അഡ്മിനിസ്ട്രേറ്റ‌ർ. നേവൽ ബേസ് മുതൽ തെക്കോട്ട് രണ്ടു കിലോമീറ്ററോളം സ്ഥലത്താണ് പദ്ധതി​യെന്നാണ് സൂചന. ഐ.ആർ.ബി ക്വാർട്ടേഴ്സ്, കോസ്റ്റ് ഗാർഡ് ക്വാർട്ടേഴ്സ്, ജയിൽ എന്നിവ ഇവി​ടെയുണ്ട്. അഗത്തി​ വി​മാനത്താവളം വലി​യ വി​മാനങ്ങൾക്കായി വി​കസി​പ്പി​ക്കാനുള്ള നീക്കത്തി​നി​ടെയാണ് പുതി​യ വി​മാനത്താവളം നിർമ്മിക്കുമെന്ന സൂചന.

Advertisement
Advertisement