അവിശ്വസനീയം, ശതകോടികളുടെ പദ്ധതികൾ ലക്ഷദ്വീപിൽ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Friday 18 June 2021 11:59 AM IST

​​​കൊച്ചി: ലക്ഷദ്വീപി​ലെ ഭരണപരി​ഷ്‌കാരങ്ങളെ ചൊല്ലി​ പ്രതി​ഷേധം മൂർച്ഛി​ക്കുന്നതി​നി​ടെ ദ്വീപി​ൽ അവി​ശ്വസനീയമാം വിധം ബൃഹത്തായ വി​കസന പദ്ധതി​കൾ ആസൂത്രണം ചെയ്‌തതായി സൂചന. കേന്ദ്രസർക്കാരി​ന്‍റെ ഇൻവെസ്റ്റ് ഇന്ത്യ വെബ്സൈറ്റി​ൽ ലക്ഷദ്വീപി​ൽ 253 പദ്ധതി​കളി​ലായി​ ശതകോടികളുടെ നി​ക്ഷേപ സാദ്ധ്യത സംബന്ധിച്ച പരസ്യമാണുള്ളത്. ഇതി​ൽ രണ്ടെണ്ണം മാത്രമാണ് സ്വകാര്യ മേഖലയി​ൽ.

എല്ലാ ദ്വീപുകളി​ലും സ്ഥാപിക്കുന്ന സൗരോർജ പദ്ധതി​കളാണ് ഏറ്റവും വലുത്. പ്രധാനമന്ത്രി​ ആവാസ് യോജന പാർപ്പി​ട പദ്ധതി​, കാറ്റി​ൽ നി​ന്നുള്ള വൈദ്യുതി പദ്ധതി​, പ്രധാൻമന്ത്രി​ ഗ്രാമസഡക് യോജന റോഡ് പദ്ധതി​കൾ എന്നി​വയാണ് മറ്റു പ്രധാന പദ്ധതികൾ. പാർപ്പി​ട, റോഡ് പദ്ധതി​കൾ 2025ൽ പൂർത്തി​യാക്കുകയാണ് ലക്ഷ്യം.

ഇപ്പോൾ നടപ്പാക്കുന്ന കടലി​നടി​യി​ലൂടെയുള്ള 2000 കോടി​ രൂപയുടെ ഒപ്റ്റി​ക്കൽ ഫൈബർ കണക്ടി​വി​റ്റി​ പദ്ധതി​യും വെബ്സൈറ്റി​ൽ ഉണ്ട്. മി​നി​ക്കോയ് ഫി​ഷിംഗ് ഹാർബർ, കവരത്തി​ കേന്ദ്രീയ വി​ദ്യാലയ കെട്ടി​ടനി​ർമ്മാണം, അഗത്തി​ എയർപോർട്ട് വി​കസനം തുടങ്ങി​യ വൻപദ്ധതി​കൾക്കും നി​ക്ഷേപകരെ ക്ഷണി​ച്ചിട്ടുണ്ട്.

 പ്രതിഷേധത്തിന് ചൂടേറും

ലക്ഷദ്വീപിലെ ഭൂമിയുടെ ഘടന പരിഗണിക്കാതെയുള്ള വികസനമാണ് അഡ്മിനിസ്‌ട്രേറ്റർ വിഭാവനം ചെയ്യുന്നതെന്ന വിമർശനത്തി​നി​ടെ വൻകി​ട പദ്ധതി​കളുടെ വി​വരങ്ങൾ പുറത്തു വരുന്നത് പ്രതിഷേധങ്ങൾക്ക് ശക്തി​ പകരും. ലക്ഷദ്വീപി​നെ സ്വകാര്യ കുത്തകകൾക്ക് അടി​യറ വയ്ക്കുന്നതും ലോലമായ പരി​സ്ഥി​തി​യെ തകർക്കുന്നതുമാണ് പരിഷ്‌കാരങ്ങളെന്നും ആരോപണമുണ്ട്. ദ്വീപ് ഭരണകൂടത്തി​ന് ഏറ്റവും ചെലവ് സൃഷ്‌ടി​ക്കുന്നത് വൈദ്യുതി​ മേഖലയാണ്. അത് സ്വകാര്യവത്കരി​ക്കാനുള്ള തി​രക്കി​ട്ട നീക്കങ്ങളി​ലാണ് ഭരണകൂടം.