യൂറോ ഫൈനലിനുള്ള അതിഥികൾക്ക് ക്വാറന്റൈൻ ഒഴിവാക്കണമെന്ന് യുവേഫ, മത്സരങ്ങൾ വെംബ്ളിയിൽ നിന്ന് മാറ്റിയേക്കും

Friday 18 June 2021 1:33 PM IST

ലണ്ടൻ: അടുത്ത മാസം 12ന് നടക്കുന്ന യൂറോ കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിന് വരുന്ന യുവേഫയുടെ അതിഥികളെ ഇംഗ്ളണ്ടിലെ നിയമം അനുശാസിക്കുന്ന നിർബന്ധിത ക്വാറന്റൈനിൽ നിന്നും ഒഴിവാക്കണമെന്ന് യുവേഫ യു കെ അധികൃതരോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഫൈനലും സെമിഫൈനൽ മത്സരങ്ങളും ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ നിന്ന് ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് മാറ്റാൻ നിർബന്ധിതരാകും എന്ന് യുവേഫ ബ്രിട്ടനെ അറിയിച്ചു.

യുവേഫ-ഫിഫ അംഗങ്ങളും സ്പോൺസർമാരും വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയകാരും അടക്കം ഏതാണ്ട് 2500 ഓളം അതിഥികളെയാണ് യുവേഫ ഫൈനൽ മത്സരങ്ങളിലേക്ക് പ്രതീക്ഷിക്കുന്നത്. ഇവർക്കുള്ള ക്വാറന്റൈൻ നിയമങ്ങളിൽ ഇളവുകൾ നൽകണമോ എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന ബ്രിട്ടന്റെ മന്ത്രിസഭായോഗം തീരുമാനം എടുക്കുമെന്ന് യു കെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബ്രിട്ടനിലെ കൊവിഡ് നിയമങ്ങൾ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെയേറെ കടുത്തതാണെന്ന് യുവേഫ പ്രസിഡന്റ് അലക്സാന്ദർ കഫെറിൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോടായി പറഞ്ഞിരുന്നു. പല രാജ്യങ്ങളും കൊവിഡ് നിയമങ്ങളിൽ ഇളവുകൾ നൽകി യൂറോ കപ്പിന്റെ ഫൈനൽ നടത്താൻ തയാറായി മുന്നോട്ട് വന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ യൂറോ കപ്പിന് വേണ്ടി മാത്രം കൊവിഡ് നിയമങ്ങളിൽ ഇളവ് നൽകിയാൽ അത് ബ്രിട്ടനിൽ വൻ പ്രതിഷേധങ്ങൾക്കു വഴിവച്ചേക്കുമെന്ന കാര്യം ഉറപ്പാണ്. അതിനാൽ തന്നെ വളരെ കരുതലോടുകൂടിയാകും ബ്രിട്ടൻ ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക.