പണിയെടുക്കുന്നവരാണ് എന്റെ ഹീറോസ് അമ്മയ്ക്കൊപ്പം മീൻ വിറ്റ ക്യാപ്റ്റന് പറയാനുള്ളത്
അമ്മയ്ക്കൊപ്പം വീട്ടുമുറ്റത്തിരുന്ന് മീൻ കച്ചവടം നടത്തുന്ന മകൻ. കേൾക്കുമ്പോൾ അത്ര അതിശയം തോന്നണമെന്നില്ല. പക്ഷേ അതൊരു ഇന്ത്യൻ ഫുടബാൾ താരമാണെങ്കിലോ! അൽപ്പം കൗതുകം തോന്നാതെ തരമില്ല. ഒരുകാലത്ത് കാൽപ്പന്ത് കൊണ്ട് കളിക്കളത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വച്ച എം.സുരേഷ് ആണ് കഥാനായകൻ. മത്സ്യതൊഴിലാളിയായ അമ്മ ജാനകിയെ മീൻ വിൽപ്പനയ്ക്ക് സഹായിക്കുന്ന സുരേഷിന്റെ ചിത്രം ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത്. കൊൽക്കത്ത ക്ലബ്ബിന്റെ ഈ മുൻനായകൻ അമ്മയെ സഹായിക്കുന്നത് വെറുമൊരു രസത്തിനല്ല. കടുത്ത ജീവിതസാഹചര്യങ്ങളെ തരണംചെയ്ത് കളിക്കളത്തിന്റെ കരുത്തായി വളർന്നുവന്ന സുരേഷിന് ഇന്ത്യയുടെ ജേഴ്സിയണിയാൻ കഴിഞ്ഞത് അമ്മയുടെ വിയർപ്പിന്റെ കൂടി ഫലമാണെന്ന തിരിച്ചറിവോടെയാണ്.
കൊവിഡ് കാലത്ത് മീൻ മാർക്കറ്റിൽ പോകാൻ പറ്റാതെവന്നപ്പോഴാണ് അമ്മ എം. ജാനകി സ്വന്തം വീടായ എം.ആർ.സി.ഹൗസിന് മുന്നിൽ മത്സ്യവിൽപ്പന നടത്താൻ തീരുമാനിച്ചത്. ''ഏതൊരു ജോലിയും പോലെ തന്നെ മഹത്തരമാണ് ഇതും. അദ്ധ്വാനിച്ച് ജീവിക്കുന്നവരോട് എന്നും ബഹുമാനമാണ്. അവരല്ലേ ശരിക്കുള്ള താരങ്ങൾ. അമ്മ എന്നെ പഠിപ്പിച്ചതും വളർത്തിയതുമൊക്കെ ഈ ജോലി ചെയ്താണ്. അത് ചെയ്യുമ്പോൾ എനിക്കും സന്തോഷമേയുള്ളൂ."" അമ്മയ്ക്ക് കൂട്ടിരുന്ന സുരേഷ് പറയുന്നു.
എം.ആർ.സി.വെല്ലിംഗ്ടൺ എന്ന പഴയ പട്ടാള ടീമിന്റെ പടനായകനായിരുന്ന നീലേശ്വരം സ്വദേശി ടി.വി.കൃഷ്ണനെന്ന അച്ഛനിൽ നിന്നും പകർന്നു കിട്ടിയ കളിക്കരുത്ത് തന്നെയാണ് സുരേഷിന്റെ നേട്ടങ്ങളുടെ അടിത്തറ. വീട്ടുമുറ്റത്തു തന്നെയുള്ള സ്പോർട്സ് ക്ലബ്ബിന്റെ പിന്തുണയോടെയാണ് സുരേഷ് കാൽപ്പന്തുകളിയിൽ പിച്ചവച്ചു തുടങ്ങിയത്. തൃക്കരിപ്പൂർ ഗവ. ഹൈസ്കൂളിലെ കായികാദ്ധ്യാപകനും, ഇന്ത്യൻ താരം മുഹമ്മദ് റാഫിയെയടക്കം നിരവധി പേരെ കാൽപ്പന്തുകളിയുടെ പ്രതിഭകളായി കൈ പിടിച്ചുയർത്തിയ കോച്ചുമായ എ. രാമകൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണം സുരേഷിലെ പ്രതിഭയുടെ മാറ്റ് കൂട്ടി. സ്റ്റേറ്റ് സ്കൂൾ ടീമിലും, തുടർന്ന് നാഷണൽ ടീമിലും അംഗമായി. അണ്ടർ 21 ഇന്ത്യൻ ടീമിലും അണ്ടർ 23 ഇന്ത്യൻ ടീമിനു വേണ്ടിയും ബൂട്ടുകെട്ടുക വഴി പ്രീ ഒളിമ്പിക്സ് പ്രാഥമിക റൗണ്ട് മത്സരത്തിലും പങ്കെടുത്ത് നാടിനും അഭിമാനമായി.
മാലിദ്വീപിൽ വെച്ചു നടന്ന ഇൻഡിപെൻഡൻസ് കപ്പിനു വേണ്ടിയും ഇന്ത്യൻ കുപ്പായമണിഞ്ഞ ഈ കാസർകോട് തൃക്കരിപ്പൂർ സ്വദേശി, കോച്ചായ വിജയരാഘവനെയടക്കം കളിക്കളത്തിൽ ഊർജം പകർന്നു നൽകിയവരെയെല്ലാം ഇന്നും മനസിൽ ഓർക്കുന്നു. തൃശൂരിൽ നടന്ന സന്തോഷ് ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച സുരേഷിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കണ്ണൂർ കെൽട്രോൺ, കൊൽക്കത്ത മോഹൻ ബഹാൻ, മുംബൈ മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച ശേഷമാണ് ഈസ്റ്റ് ബംഗാളിലെത്തുന്നതും ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതും. മികച്ച ആൾറൗണ്ടറും കോച്ചുമായിരുന്ന കൃഷ്ണന്റെ പരിശീലനചിട്ടകളും നിരീക്ഷണവും മകന്റെ വളർച്ചയ്ക്കും വളമേകി. കളിയിൽ നിന്ന് വിരമിച്ചെങ്കിലും സ്വന്തം നാട്ടിലെ കുട്ടികൾക്ക് കളിയറിവ് പകർന്നു നൽകുന്നതിനും യുവ കളിക്കാർക്ക് മാർഗനിർദ്ദേശം നൽകുന്നതിനും അദ്ദേഹം മുന്നിൽ തന്നെയുണ്ട്.
കാൽപ്പന്തിനോടുള്ള പ്രണയവും കൃത്യമായ പരിശീലനവും അദ്ധ്വാനവുമാണ് ഈ നാട്ടുമ്പുറത്തുകാരനെ ഇന്ത്യയുടെ കളിക്കാരനാക്കി മാറ്റിയത്. സഹോദരൻ സുധീഷും ഫുട്ബോൾ കളിക്കാരനാണ്. മോഹൻ ബഗാൻ, പൂന എഫ്.സി, മഹീന്ദ്ര, വാസ്കോ ഗോവ എന്നീ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം മുംബയ് ഫുട്ബോൾ അക്കാഡമിയുടെ കോച്ചാണ്. മുൻ സന്തോഷ് ട്രോഫി താരം ടി.വി.ബിജുകുമാർ, സന്തോഷ് ട്രോഫി, എസ്.ബി.ടി. താരം ടി. സജിത്, നജേഷ്, സജേഷ് എന്നീ സന്തോഷ് ട്രോഫി താരങ്ങളും സുരേഷിന്റെ അമ്മാവന്മാരുടെ മക്കളാണ്. ഇത്രയേറെ പ്രൊഫഷണൽ പ്രതിഭകൾ ഒരേ കുടുംബത്തിൽ നിന്ന് ഉണ്ടാവുകയെന്നതും അത്യപൂർവം.
ചെറുവത്തൂർ വി.വി.സ്മാരക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണിപ്പോൾ സുരേഷ്. വി.കെ.ഷീബയാണ് ഭാര്യ. സാന്ദ്ര, സായന്ത് എന്നിവർ മക്കളാണ്.