മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു

Friday 18 June 2021 6:54 PM IST

കോഴിക്കോട്: ഉത്തർപ്രദേശിൽ വച്ച് അറസ്റ്റിലായി തടവിൽ കഴിയുന്ന മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. മലപ്പുറം വേങ്ങരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചു. ഹാഥ്രസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാദ്ധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സിദ്ദിഖ് കാപ്പന് കൊവിഡ് ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാപ്പനെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയില്‍ എത്തിച്ച സിദ്ദിഖ് കാപ്പനെ പൊലീസ് രഹസ്യമായി ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നു.