ആരാധനാലയങ്ങൾ അടച്ചിട്ട് മദ്യശാലകൾ തുറന്നത് എന്ത് യുക്തിയിൽ?സുധാകരൻ

Saturday 19 June 2021 2:36 AM IST

തിരുവനന്തപുരം: മദ്യശാലകൾ തുറക്കുകയും ആരാധനായലങ്ങൾ അടച്ചിടുകയും ചെയ്യുന്നതിലെ യുക്തി സർക്കാർ വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളും ലൈബ്രറികളും സിനിമാ തിയേറ്ററുകളും ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾ ടി.പി.ആർ മാനദണ്ഡമാക്കി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണം.

ജനങ്ങൾ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധി നേരിടുമ്പോൾ മദ്യശാലകൾ മാത്രം തുറന്നത് വരുമാനം നോക്കിയാണ്. ജനങ്ങൾക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

സർക്കാർ ഉദ്യോഗസ്ഥരടക്കം പൊതുഗതാഗതത്തെ ആശ്രയിക്കുമ്പോൾ പൊതുഗതാഗതം പരിമിതപ്പെടുത്തുന്നത് അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണ്.

വാരാന്ത്യ ലോക്ക് ഡൗൺ പോലുള്ള സാമാന്യബോദ്ധ്യത്തിന് നിരക്കാത്ത നടപടികൾ പുനഃപരിശോധിക്കണം. വെള്ളിയാഴ്ചകളിൽ കനത്ത തിക്കുംതിരക്കും സൃഷ്ടിച്ച് സൂപ്പർ സ്‌പ്രെഡിന് വഴിയൊരുക്കുകയാണ്. ടി.പി.ആർ കൂടുന്നതിന് അനുസരിച്ച് ലോക്ക് ഡൗൺ നീട്ടുക എന്നതിനപ്പുറം ഒരു ദീർഘവീക്ഷണവും സർക്കാരിനില്ല. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കം പ്രഖ്യാപനങ്ങളിലേയുള്ളൂ.

മിക്ക രാജ്യങ്ങളും ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിച്ച് പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ ജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.