മരംകൊള്ള: അന്വേഷണം തീരട്ടെയെന്ന് സി.പി.എം

Saturday 19 June 2021 12:00 AM IST

തിരുവനന്തപുരം: വയനാട് മുട്ടിലിലേതടക്കം വിവാദ മരംവെട്ട് കേസിൽ സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം പൂർത്തിയാകട്ടെയെന്ന നിലപാടിൽ സി.പി.എം. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്നാണ് പാർട്ടി നിലപാട്. അതുകൊണ്ടു തന്നെ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയായില്ല.

പട്ടയഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കണമെന്ന കർഷകരുടെ ന്യായമായ ആവശ്യം പരിഗണിക്കണമെന്നാണ് തുടക്കം മുതൽ സി.പി.എമ്മിന്റെയും നിലപാട്. ഇടുക്കി, വയനാട് ജില്ലാ കമ്മിറ്റികൾ നേരത്തേ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എല്ലാ രാഷ്ട്രീയകക്ഷികളും കർഷകന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്ന നിലപാടെടുത്ത സാഹചര്യത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയനീക്കമാണെന്നാണ് വിലയിരുത്തൽ. ഈയാഴ്ച ആദ്യം ചേർന്ന സി.പി.എം അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം അതിനെ ആ നിലയിൽ കണ്ടാൽ മതിയെന്ന നിലപാടാണെടുത്തത്. മുട്ടിലിൽ വഴിവിട്ടതെന്തോ നടന്നിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തുവരുമെന്നും പാർട്ടി വിലയിരുത്തുന്നു.

കൊവിഡ് വ്യാപനം താഴുന്നതിനനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങൾ തുറക്കുന്നതും പരിഗണിക്കാമെന്ന അഭിപ്രായം സി.പി.എമ്മിനുണ്ട്.

ജില്ലാതലങ്ങളിൽ വിശദമായ തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങൾ ചേരാൻ ഇന്നലെ സെക്രട്ടേറിയറ്റ് യോഗം നിശ്ചയിച്ചു. ഓരോ ജില്ലയിലും മൂന്ന് സെക്രട്ടേറിയറ്റംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. ബ്രാഞ്ച്തല സമ്മേളനങ്ങൾ ജൂലായിൽ ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമ്മേളന നടത്തിപ്പ് എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും.

Advertisement
Advertisement