ഐ.ടി മേഖലയുടെ ലക്ഷ്യം 300-350 ബില്യൺ ഡോളർ

Saturday 19 June 2021 12:38 AM IST

മുംബയ്: 2025 ഓടെ 300-350 ബില്യൺ ഡോളർ വ്യവസായമായി മാറുകയാണ് ഇന്ത്യൻ ഐ.ടി വ്യവസായത്തിന്റെ ലക്ഷ്യമെന്ന് ഐ.ടി വ്യവസായ സംഘടനയായ നാസ്കോം. സാങ്കേതികവിദ്യയുടെ വികസനവും വർദ്ധിച്ചുവരുന്ന ഓട്ടോമേഷനും പരമ്പരാഗത ഐ.ടി ജോലികളുടെയും റോളുകളുടെയും സ്വഭാവം വികസിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പുതിയ റോളുകളിലേയ്ക്ക് നിയമനം തുടരും. 2021 സാമ്പത്തിക വർഷത്തിൽ 1,38,000 പേരെ പുതുതായി നിയമിച്ചു. കഴിഞ്ഞ 3 വർഷമായി ഓട്ടോമേഷനും ആർ‌.പി‌.എയും കൂടുതൽ വളർച്ച പ്രാപിച്ചിട്ടുണ്ട്. ഇത് ബി.പി‌.എം പോലുള്ള മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. നാസ്കോം പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, 2022ൽ ഐ.ടി മേഖലയിൽ 30 ലക്ഷം പേർക്ക് ജോലി നഷ്ടമാകുമെന്ന തരത്തിൽ ബാങ്ക് ഒഫ് അമേരിക്ക (ബോഫ) സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോർട്ട് നാസ്കോം തള്ളി.

കൊവിഡ് മഹാമാരിയിലൂടെ ഏറ്റവും വലിയ നേട്ടം ലഭിച്ചിരിക്കുന്നത് ഇന്ത്യൻ ഐ.ടി വ്യവസായത്തിനാണ്. മഹാമാരി സമയത്ത് ഐ.ടി സ്ഥാപനങ്ങൾ റെക്കാഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ടി‌.സി‌.എസ് 2021 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 9.2 ബില്യൺ ഡോളർ വളർച്ച രേഖപ്പെടുത്തി. ഒരു പാദത്തിൽ നേടുന്ന എക്കാലത്തെയും ഉയർന്ന വളർച്ചയാണിത്. ഇൻഫോസിസ് മൊത്തം 14 ബില്യൺ ഡോളർ വളർച്ചയാണ് കൈവരിച്ചത്. മൊത്തം 1.4 ബില്യൺ ഡോളർ കരാർ മൂല്യവുമായി വിപ്രോ 12 വലിയ കരാറുകളിൽ ഒപ്പുവച്ചു. നാസ്കോം പ്രസ്താവനയിൽ പറഞ്ഞു.

Advertisement
Advertisement