3000 + കവിതകളുമായി അനിരുദ്ധൻ

Saturday 19 June 2021 12:26 AM IST
അനി​രുദ്ധൻ

പത്തനംതിട്ട : പേനയാണെന്റെ ആയുധമെപ്പോഴും... പേനയാണെന്റെ വാളെന്നും... എൺപത്തൊന്നുകാരൻ കെ.എൻ.അനിരുദ്ധന്റെ വരികളാണിത്. ഇതുവരെ മൂവായിരത്തിലേറെ കവിതകൾ എഴുതി. ഇപ്പോഴും മുടങ്ങാതെ എഴുതുകയാണ് പത്തനംതിട്ട കല്ലറകടവ് വടക്കേമുറിയിൽ അനിരുദ്ധൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചിലതൊക്കെ പ്രസിദ്ധീകരിച്ചതൊഴിച്ചാൽ മറ്റൊരു കവിതയും പുറംലോകം കണ്ടിട്ടില്ല. ഭീമമായ തുക നൽകാൻ കഴിയാത്തതിനാലാണ് കവിത പ്രസിദ്ധീകരണത്തിലേക്ക് കടക്കാത്തതെന്ന് അനിരുദ്ധൻ പറയുന്നു.

പ്രകൃതി, മാതൃത്വം, രാഷ്ട്രീയം, കാലഘട്ടം, മാറ്റങ്ങൾ എന്നിവയാണ് കവിതയുടെ പ്രധാന വിഷയങ്ങൾ. സംസ്കൃതം, അറബി, ഇംഗ്ലീഷ്, ബംഗാളി, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷ എഴുതാനും വായിക്കാനും അറിയാം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എഴുതാറുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ആണ് പഠിച്ചത്. ദുബായ് കോൺസുലേറ്റിലും കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും ജോലി ചെയ്തു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ. പുതിയ തലമുറ പുസ്തകങ്ങൾ വായിക്കണമെന്ന അഭിപ്രായമാണ് അനിരുദ്ധന്. കവിതകൾ എന്നെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. ഭാര്യ : പരേതയായ ജൈനമ്മ. മക്കൾ : അശോക്, മനു.