ആനന്ദ് കല്യാണിയുടെ അത്ഭുത ട്രൈക്ക് കാണാൻ ധനമന്ത്രിയെത്തും

Saturday 19 June 2021 12:33 AM IST

കൊല്ലം: കരയിലും വെള്ളത്തിലും ആകാശത്തും ഒരു പോലെ പായുന്ന അത്ഭുത ട്രൈക്ക് നിർമ്മിച്ച ശാസ്താംകോട്ട സ്വദേശി ആനന്ദ് കല്യാണിയുടെ സംരംഭത്തിന്റെ സാദ്ധ്യതകളെക്കുറിച്ചറിയാനും ട്രൈക്കിന്റെ പ്രവർത്തനം കാണുന്നതിനും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആനന്ദിന്റെ കുമരംചിറയിലെ വീട്ടിലെത്തും.

വ്യത്യസ്ത ആശയങ്ങളും സംരംഭങ്ങളും നാടിന്റെ വികസനത്തിന് ആവശ്യമാണ്. യുവാക്കളുടെ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. 'കേരളകൗമുദി" വാർത്ത ശ്രദ്ധയിൽപ്പെട്ടതാും മന്ത്രി പറഞ്ഞു.

നൂതന വാ​ഹ​നം നിർമ്മിക്കുന്നതി​ന് 16​ ​-​ 20​ ​ല​ക്ഷം​ ​രൂ​പയാണ്​ ​ചെ​ല​വ്. സ​ർ​ക്കാ​ർ​ ​സ​ഹാ​യ​മു​ണ്ടെ​ങ്കി​ൽ​ ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​നി​ർ​മ്മി​ക്കാനാകുമെന്നും ​സ്റ്റാ​ർ​ട്ട് ​അ​പ്പ് ​സം​രം​ഭ​മാ​ക്കി​യാ​ൽ​ ​നി​ര​വ​ധി​പേ​ർ​ക്ക് ​തൊ​ഴിൽ​ ​ല​ഭി​ക്കുമെന്നും ആനന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ആനന്ദിനെ കാണാൻ മന്ത്രിയെത്തുന്നത്. സംരംഭത്തെ എങ്ങനെ പ്രോത്സാഹിക്കാനാവുമെന്ന് മന്ത്രി വിലയിരുത്തും. സ്റ്റാർട്ട് അപ്പ് സംരംഭമായോ കൂട്ടായ്മയിലൂടെയോ സർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെയോ പ്രോജക്ട് നടപ്പിലാക്കാൻ കഴിയുമോയെന്ന് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആനന്ദിന്റെ കണ്ടുപിടിത്തത്തിന്റെ ശാസ്ത്രീയതയും സാദ്ധ്യതയും വിലയിരുത്തും. പ്രയോജനപ്രദവും തൊഴിൽ സാദ്ധ്യതയും ഉള്ളതെങ്കിൽ പരമാവധി പ്രോത്സാഹിപ്പിക്കും.

- കെ.എൻ. ബാലഗോപാൽ

ധനമന്ത്രി