അസ്ബസ്റ്റോസ് മേൽക്കൂര പൊളിച്ചുനീക്കൽ: സമയം നീട്ടണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ ആസ്ബസ്റ്റോസ് മേൽക്കൂര പൊളിച്ചുനീക്കാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ. എയ്ഡഡ്, അൺഎയ്ഡഡ്, അംഗീകൃത സ്വകാര്യ സ്കൂളുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര മാറ്റി അനുയോജ്യമായവ ഇടണമെന്ന് 2019 സെപ്തംബർ മാസത്തിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം നടപ്പിലാക്കാൻ ഇനി രണ്ട് മാസം മാത്രമേ ശേഷിക്കുന്നുള്ളൂ.
ആസ്ബസ്റ്റോസ് ഷീറ്റുകൾക്ക് പുറമേ ടിൻ, അലുമിനിയം ഷീറ്റുകളുടെ മേൽക്കൂരകളും പൊളിച്ചുനീക്കണമെന്നാണ് നിർദ്ദേശം.കൊവിഡ് സാഹചര്യത്തിൽ പല സ്കൂളുകൾക്കും നിർദ്ദേശം നടപ്പാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കാനുമായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മേൽക്കൂര മാറ്രാത്തതിനാൽ സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ലഭിക്കാതിരിക്കാൻ സാദ്ധ്യതയുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്രില്ലെങ്കിൽ അദ്ധ്യാപകരുടെ ശമ്പളം മുടങ്ങും. ഇത് കുട്ടികളുടെ പഠനത്തെയും ബാധിക്കും.
ഭാരിച്ച ചെലവും കൊവിഡ് സാഹചര്യവും പരിഗണിച്ച് സമയം അനുവദിക്കണമെന്ന് കേരള പ്രൈവറ്ര് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം മണി ആവശ്യപ്പെട്ടു.