'തനിമൊഴിയാട്ട"ത്തിന് അരങ്ങുതെളിയുമ്പോൾ നിറഞ്ഞാടാൻ 33 അഭിനേതാക്കൾ

Sunday 20 June 2021 12:20 AM IST

പാലക്കാട്: അരങ്ങില്ല, ആരവങ്ങളില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ നാടുപൂട്ടിയടക്കപ്പട്ടപ്പോഴും നാടകപ്രവർത്തകർ ഒതുങ്ങിയിരുന്നില്ല. എഴുതപ്പെട്ട കൃതികളിലെ ഒറ്റയാൾ വേഷത്തിന് കരുത്തും ഭാവവും ജീവനും പകർന്ന് തങ്ങളുടെ അഭിനയത്വര പുറംലോകത്തിന് അവർ കാണിച്ചുകൊടുത്തു. പാലക്കാട് നാടകക്കൂട്ടായ്മയാണ് ദുരിതപ്പെയ്ത്തിലും നാടക കലാകാരന്മാരുടെ മാനസികോല്ലാസത്തിന് വാട്‌സാപ്പ് വഴി വേദിയുണ്ടാക്കിയത്.

വീട് അരങ്ങാക്കിയും അഭിനയ മുഹൂർത്തം മൊബൈലിലൂടെ പകർത്തിയും വ്യത്യസ്തമായ അവതരണം പങ്കുവെച്ച് അവർ ആത്മനിർവൃതി പൂണ്ടൂ. ആദ്യം അനൗൺസ് ചെയ്ത മോണോലോഗ് അവതരണത്തിന് 26 അഭിനേതാക്കൾ പങ്കെടുത്തു. ഇപ്പോൾ രണ്ടാംഘട്ടം 'തനിമൊഴിയാട്ട"ത്തിന് വേദിയൊരുക്കുകയാണിവർ. 33 അഭിനേതാക്കൾ മാറ്റുരക്കുന്ന 'തനിമൊഴിയാട്ടം" 20ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയാവും. സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെ.പി.എ.സി ലളിത, വൈസ് പ്രസിഡന്റ് സേവ്യർ പുൽപ്പാട് എന്നിവർ സംസാരിക്കും. 30വരെ നീളുന്ന പരിപാടിയിൽ ഒരു ദിവസം മൂന്ന് അവതരണമുണ്ടാകും. വിവിധ സെഷനുകളിലായി നിരവധി പ്രമുഖർ പങ്കെടുക്കും. കെ.എ.നന്ദജൻ, അരുൺലാൽ, പുത്തൂർ രവി, രവി തൈക്കാട്, സി.എച്ച്.അനിൽകുമാർ, ചേരാമംഗലം ചാമുണ്ണി നേതൃത്വം നൽകും.