കൊവിഡ് ബാധിച്ച ക്ഷീര കർഷകർക്ക് കരുതൽ; കാലിത്തീറ്റ സൗജന്യം

Sunday 20 June 2021 12:34 AM IST

പാലക്കാട്: കൊവിഡ് മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് കൈത്താങ്ങുമായി ക്ഷീരവികസന വകുപ്പ്. കൊവിഡ് ബാധമൂലം ക്വാറന്റെയിനിലായി പാൽ നൽകാൻ കഴിയാതെ സാമ്പത്തിക നഷ്ടം സംഭവിച്ച കർഷകർക്ക് സൗജന്യമായി 100 കിലോ കാലിത്തീറ്റ നൽകും. ആദ്യഘട്ടത്തിൽ മേയ് 31 വരെ പ്രതിസന്ധി നേരിട്ട ജില്ലയിലെ 530 കർഷകർക്കാണ് സഹായം.

പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്ന ക്ഷീരകർഷകരെ സഹായിക്കുന്നതിന് വകുപ്പ് ദുരന്ത നിവാരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സംഘം പ്രസിഡന്റ്, സെക്രട്ടറി,​ വകുപ്പുദ്യോഗസ്ഥർ,​ അനുബന്ധ സ്ഥാപന പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിർദേശ പ്രകാരം നിലവിൽ 1301 ബാഗ് കാലിത്തീറ്റയാണ് സൗജന്യമായി നൽകുന്നത്. 2500 രൂപ വിലവരുന്ന 100 കിലോ കാലിത്തീറ്റയാണ് ഒരു കർഷന് ലഭിക്കുക. തുടർന്നും നടപടിയുമായി കമ്മിറ്റി മുന്നോട്ടുപോകും. മരണപ്പെട്ട ക്ഷീരകർഷകരുടെ ആശ്രിതർക്ക് 10000 രൂപ വീതം ധനസഹായം നൽകും. ജില്ലയിൽ 13 കർഷകരാണ് മരണപ്പെട്ടത്.

ഉദ്ഘാടനം 21ന്

കാലിത്തീറ്റ-ധനസഹായ വിതരണോദ്ഘാടനം 21ന് രാവിലെ 10.30ന് സ്പീക്കർ എം.ബി.രാജേഷ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയാകും. മിൽമ മലബാർ യൂണിയൻ ചെയർമാൻ കെ.എസ്.മണി, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയസുജീഷ്, എം.ജയകൃഷ്ണൻ, ബ്രിൻസി മാണി പങ്കെടുക്കും.

അടുത്ത ഘട്ടത്തിൽ പ്രതിസന്ധിയിലായ ക്ഷീരസംഘം ജീവനക്കാരെ സഹായിക്കും. ഏപ്രിലിൽ ദിനംപ്രതി ശരാശരി 10 ലിറ്റർ പാലളന്നവർക്ക് രണ്ടുബാഗ് (100 കിലോ), പത്തുമുതൽ 20 ലിറ്റർ വരെ അളന്നവർക്ക് മൂന്നുബാഗ് (150 കിലോ), 20ന് മുകളിൽ അളന്നവർക്ക് അഞ്ചുബാഗ് (250 കിലോ) കാലിത്തീറ്റ നൽകും. ഒരു ബാഗിന് 400 രൂപയാണ് സബ്സിഡി. വിതരണം ജൂലായിൽ ആരംഭിക്കും.

-ജെ.എസ്.ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പാലക്കാട്.

Advertisement
Advertisement