പിണറായിയുടെ സഹപാഠി പറയുന്നു; ആക്രമിച്ചിരുന്നെങ്കിൽ സുധാകരൻ അന്ന് പുറത്തിറങ്ങില്ലായിരുന്നു

Sunday 20 June 2021 12:00 AM IST

കണ്ണൂർ: 'സുധാകരൻ പറയുന്നത് പച്ചക്കള്ളം. ബ്രണ്ണൻ കോളേജിൽ വച്ച് പിണറായിയെ ആക്രമിച്ചിരുന്നെങ്കിൽ കോളേജ് ഗേറ്റിന് പുറത്ത് കടക്കാൻ അവർക്ക് കഴിയില്ലെന്ന് എനിക്ക് ഉറപ്പാണ്". പറയുന്നത് പിണറായി വിജയന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും അയൽവാസിയുമായ കെ.നാണു. കണ്ണൂർ ഗവ.ഗേൾസ് ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ.

കോളേജിൽ അക്കാലത്ത് കെ.എസ്.എഫിന് അത്ര അംഗബലമില്ലെങ്കിലും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കെ.എസ്.എഫിന്റെ കുട്ടികളെ ആക്രമിച്ചാൽ നാട്ടുകാർ ഏറ്റെടുക്കുമായിരുന്നു. ബീഡി,നെയ്ത്തു തൊഴിലാളികൾ ഏറെയുള്ള ധർമ്മടം, പിണറായി പ്രദേശങ്ങൾ അന്നും പാർട്ടി ഗ്രാമങ്ങളായിരുന്നു. കെ.എസ്.എഫിന്റെ കുട്ടികളെ തൊട്ടാൽ അവർ ഏറ്റെടുക്കും. കെ.എസ്.യുക്കാർ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ തന്നെ രക്ഷിതാക്കൾ പാർട്ടി ഓഫീസിലും മറ്റുമെത്തി ഒത്തുതീർക്കുന്നതായിരുന്നു പതിവ്.

1963 - 67 വരെയാണ് ഞങ്ങൾ ബ്രണ്ണനിൽ പഠിച്ചിരുന്നത്. വിജയൻ ഇക്കണോമിക്സ് വിഷയമെടുത്തത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാകാനായിരുന്നു. ഞാൻ ബി.എസ്‌സി മാത്‌സ് ആയിരുന്നു. കോളേജിലെയും വീട്ടിലെയും എല്ലാ വിഷയവും എന്നോടു പങ്കുവയ്ക്കാറുണ്ട്. ഒരുമിച്ചാണ് ഈ നാല് വർഷവും ഞങ്ങൾ കോളേജിൽ പോയിരുന്നത്. അതുകൊണ്ടുതന്നെ സുധാകരൻ പറഞ്ഞതു പോലുള്ള സംഭവമുണ്ടെങ്കിൽ ഞാൻ തീർച്ചയായും അറിയുമായിരുന്നു. എന്നോട് വിജയൻ ഒന്നും മറച്ചുവയ്ക്കാറില്ല. അപ്പോഴും ഇപ്പോഴും.

ക്ളാസിൽ കൃത്യമായി പോകാറില്ലെങ്കിലും ഒറ്റ വായനയ്ക്ക് പാഠഭാഗങ്ങൾ വിജയൻ ഹൃദിസ്ഥമാക്കും. അതുപോലെ ലോകവിശേഷങ്ങളും മറ്റും വായിക്കാനും അറിയാനും വിജയന് നല്ല താത്പര്യമായിരുന്നു. അക്രമത്തിനൊന്നും പോകാറില്ല. എന്നാൽ വിദ്യാർത്ഥികളുടെ വിഷയത്തിൽ സജീവമായി ഇടപെടും.

പിണറായി വിജയൻ എന്ന

പേര് ബ്രണ്ണന്റെ സംഭാവന

പിണറായി പാറപ്രം എടക്കടവ് സ്വദേശിയായ ആലക്കാട് തറവാട്ടിൽ വിജയൻ പിണറായി വിജയനായതും ബ്രണ്ണൻ കോളേജിൽ നിന്നായിരുന്നു. വിജയൻമാർ അന്നു കോളേജ് നിറയെ. എ.വിജയൻ, കെ.വിജയൻ, എസ്.വിജയൻ, കെ.പി.വിജയൻ, വി.കെ.വിജയൻ അങ്ങനെ നീണ്ടു. ആലക്കാട് വിജയനെന്ന എ.വിജയനെ തിരിച്ചറിയാനായി പിണറായിയിൽ നിന്നു വരുന്ന വിജയൻ എന്നാണ് സഹപാഠികൾ വിശേഷിപ്പിച്ചിരുന്നത്. അതു പിന്നെ വിളിപ്പേരായി.

Advertisement
Advertisement