പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകി സി.പി.എം, പ്രതിഷേധിച്ച് കോൺഗ്രസ്

Saturday 19 June 2021 8:42 PM IST

കാസർകോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നു പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ ജോലി നൽകിയത് വിവാദമായി. കേസിലെ മുഖ്യപ്രതിയും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എം. പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സജിയുടെ ഭാര്യ ചിഞ്ചു, മറ്റൊരു പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവർക്കാണ് നിയമനം ലഭിച്ചത്. മറ്റൊരു പ്രവർത്തകന്റെ ഭാര്യയ്ക്കും ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ആശുപത്രിയിൽ നിയമനം നിയമനം നൽകിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. താത്കാലിക നിയമനം നീട്ടി നൽകി കൊലക്കേസ് പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കേസിൽ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സി.ബി.ഐ അന്വേഷണം നടക്കുകയാണ്.

നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ഡി.എം.ഒ ഓഫീസ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, നിയമപ്രകാരം ഹാജരായ 100 പേരെ ഇന്റർവ്യൂ ചെയ്താണ് നിയമനം നടത്തിയിട്ടുള്ളതെന്നും അർഹതയുള്ളവർക്ക് ജോലി നൽകുന്നതിനെ എതിർക്കുന്നതിൽ കാര്യമില്ലെന്നുമാണ് സി.പി.എമ്മിന്റെ വിശദീകരണം. എന്നാൽ, ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ആശുപത്രിയിൽ നിയമനം നടത്തിയത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ തന്നോട് ആലോചിച്ചിട്ടല്ലെന്ന് സി.പി.ഐയിലെ അഡ്വ. സരിത പ്രതികരിച്ചു.

Advertisement
Advertisement