'ലിസ്റ്റിലുണ്ട് ' വീടില്ല, ലൈഫിൽ ഇടംതേടിയിട്ടും വീട് ലഭിക്കാതെ രണ്ടു കുടുംബങ്ങൾ

Sunday 20 June 2021 12:47 AM IST
മായ, മക്കളായ ശ്രീമന്യ, ശ്രീജിത്ത് എന്നിവർ വീടിനു മുന്നിൽ

പള്ളിക്കൽ : എല്ലാവർക്കും വീട് എന്ന സർക്കാർ വാഗ്ദാനത്തിൽ വിശ്വസിച്ച് വർഷങ്ങളായി കാത്തിരിക്കുന്ന രണ്ടുകുടുംബങ്ങളുണ്ട് പള്ളിക്കലിൽ. മൂന്നാം വാർഡ് ഇളംപള്ളിൽ ശ്രീമന്യ ഭവനത്തിൽ മായയുടെയും അയൽവാസി തടത്തിൽ വീട്ടിൽ കുഞ്ഞിരാമന്റെയും കുടുംബങ്ങളാണ് അടച്ചുറപ്പില്ലാത്ത കൂരകളിൽ അന്തിയുറങ്ങുന്നത്.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട രണ്ട് കുടുംബങ്ങളും ലൈഫ് പദ്ധതിയിൽ ഇടംതേടിയെങ്കിലും വീട് യാഥാർത്ഥ്യമായില്ല. പലതവണ പഞ്ചായത്ത് ഒാഫീസിൽ കയറിയിറങ്ങിയെങ്കിലും 'ലിസ്റ്റിലുണ്ട് ' എന്ന പതിവ് പല്ലവി മാത്രമാണ് അധികൃതർ നൽകുന്നത്. എന്ന് വീട് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

ടാർഷീറ്റിട്ട കുടിലിൽ മായയും മക്കളും

കശുഅണ്ടി തൊഴിലാളിയാണ് മായ. ഭർത്താവ് ഉപേക്ഷിച്ചു പോയി. ഒൻപതിലും ഏഴിലും പഠിക്കുന്ന ശ്രീമന്യയും ശ്രീജിത്തുമാണ് മക്കൾ. മൺകട്ട കെട്ടി ടാർഷീറ്റിട്ട കുടിലിലാണ് ഇപ്പോൾ താമസം. ഷീറ്റ് പൊടിഞ്ഞ് വെള്ളം വീടിനകത്ത് വീഴുന്നതിനാൽ പടുത വലിച്ചു കെട്ടിയിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് കശുഅണ്ടി ഫാക്ടറിയിൽ നിന്നുള്ള വരുമാനവും നിലച്ചു. മറ്റ് വീടുകളിൽ പണിക്കു പോയി കിട്ടുന്നതാണ് ഏക വരുമാനം. സ്കൂൾ വിദ്യാർത്ഥികളായ മക്കൾ ഇതുവരെ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിട്ടില്ല. ഇവർക്കൊരു മൊബൈൽഫോൺ ഇല്ലാത്തതാണ് കാരണം. ആകെയുള്ളത് 10 സെന്റ് വസ്തുവാണ്. മായയുടെ അനുജത്തിയുടെ വിവാഹം നടത്താൻ ഈ വസ്തു പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് പല തവണ വന്നു. സഹായിക്കാൻ ആരുമില്ലാത്ത കുടുംബം വീടിനായി മുട്ടാത്ത വാതിലുകളില്ല.

പ്രതീക്ഷ കൈവിടാതെ കുഞ്ഞിരാമനും ഭാര്യയും

കുഞ്ഞിരാമൻ പാറമട തൊഴിലാളിയായിരുന്നു. പണിക്കിടയിലെ അപകടങ്ങൾ ആരോഗ്യം നഷ്ടപ്പെടുത്തി. ഒരിക്കൽ പാറയുടെ ചീള് ഇടത്തെ കണ്ണിൽ തെറിച്ച് കാഴ്ചശക്തി നഷ്ടമായി. ഇടത്തെ കാലിൽ പാറവീണ് രണ്ടായി ഒടിഞ്ഞു. ഇപ്പോൾ നടക്കാൻ തന്നെ ബുദ്ധിമുട്ട്. വർഷങ്ങളായി വീട്ടിലിരിക്കുന്നു, ഭാര്യ മിനിയും രോഗിയാണ്. ഇവർ തൊഴിലുറപ്പിന് പോയി കിട്ടുന്നതാണ് ഏകവരുമാനം. ടാർപ്പ കെട്ടിയ ഷെഡിലായിരുന്നു താമസം. വീട് എന്ന വാഗ്ദാനം നീണ്ട് പോയപ്പോൾ വിവാഹം കഴിച്ചയച്ച മകൾ എത്തി തകര ഷീറ്റ് വാങ്ങി മേൽകൂരക്കിട്ടു. അടച്ചുറപ്പില്ലാത്ത കൂരയിൽ പ്രതീക്ഷ കൈവിടാതെ കാത്തിക്കുകയാണ് ഇവർ.

Advertisement
Advertisement