കീഴ്ക്കോടതികൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം

Sunday 20 June 2021 12:02 AM IST

കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ കീഴ്ക്കോടതികളിൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയല്ലാതെ നേരിട്ടു കേസുകൾ പരിഗണിക്കുന്നതിന് ഹൈക്കോടതി അനുമതി. കേസുകൾ നേരിട്ടു പരിഗണിക്കുന്ന കാര്യം ജുഡിഷ്യൽ ഓഫീസർമാർക്ക് തീരുമാനിക്കാം. ഒരാഴ്ച പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ് വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കണം. രാവിലെയും ഉച്ചയ്ക്കുമായി കേസുകളുടെ സമയം ക്രമീകരിച്ച് നേരത്തെ അറിയിക്കണം. കോടതി മുറിയിലും മറ്റും ആൾക്കൂട്ടമില്ലെന്ന് ഉറപ്പു വരുത്തണം.

അഭിഭാഷകരുടെയും കക്ഷികളുടെയും സൗകര്യം കണക്കിലെടുത്ത് സമയം നിശ്ചയിക്കണം.

കക്ഷികളെ ആവശ്യമെങ്കിൽ മാത്രം കോടതിയിൽ പ്രവേശിപ്പിക്കാം. പഴയ കേസുകൾ, സമയബന്ധിതമായി തീർക്കേണ്ട കേസുകൾ തുടങ്ങിയവയ്ക്ക് മുൻഗണന നൽകണം. സാക്ഷിവിസ്താരവും വിചാരണയും കഴിയുന്നതും വീഡിയോ കോൺഫറൻസിംഗിലൂടെയാക്കണം.

കോടതിയുടെ പ്രവർത്തനം രാവിലെ 10.45 ന് തുടങ്ങണം. ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിക്കും വിധം ക്രമീകരിക്കണം. പകുതി ജീവനക്കാർ കോടതിയിലും പകുതി ജീവനക്കാർ വീട്ടിലുമിരുന്ന് ജോലി ചെയ്യണം. എന്നിവയാണ് ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ

Advertisement
Advertisement