പത്തനംതിട്ട ജനറൽ ആശുപത്രി: ഉറപ്പാണ് വികസനം

Sunday 20 June 2021 12:08 AM IST

ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ മാസ്റ്റർപ്ളാൻ തയ്യാറാക്കും.

പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർപ്ളാൻ തയ്യാറാക്കാൻ നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ സഹായവും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു. ദേശീയ ആരോഗ്യമിഷന്റെ സഹായത്തോടെ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനത്തിന് വരുന്ന ആഴ്ച തുടക്കംകുറിക്കും.
നഗരസഭാ അദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് പ്രാഥമിക ചർച്ചകൾ നടത്തുന്നത്. സബ് കമ്മിറ്റി തയ്യാറാക്കുന്ന കരടിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ അനുമതിയോടെ അന്തിമരൂപം നൽകും. കാലപ്പഴക്കംചെന്ന ചില കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കി ബഹുനില സമുച്ചയം പണിയുന്നതിന് ആലോചനയുണ്ട്. ആശുപത്രിയുടെ വികസനത്തിനായി സർക്കാർ ഏറ്റെടുത്ത 17 സെന്റ് സ്ഥലത്ത് നബാർഡിന്റെ 10 കോടി രൂപ സഹായത്തോടെ ബഹുനില കെട്ടിട സമുച്ചയം നിർമ്മിക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

ആശുപത്രിയിൽ നിന്ന് എച്ച്.എം.സി അനുമതി ഇല്ലാതെ മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തെന്ന എച്ച്.എം.സി അംഗം പി.കെ. ജേക്കബിന്റെ പരാതിയിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകി. യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ പനക്കൽ സ്വാഗതം പറഞ്ഞു. ആരോഗ്യ മന്ത്രിയായി ചുമതലയേറ്റ വീണാജോർജിനെ യോഗം അഭിനന്ദിച്ചു. ഡി.എം.ഒ ഡോ.എ.എൽ. ഷീജ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, ആർ.എം.ഒ ഡോ. ആശിഷ് മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഐസൊലേഷൻ വാർഡ്

സർക്കാർ വിഹിതവും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് 1.25 കോടി രൂപയുടെ 10 കിടക്കകളുടെ െഎസൊലേഷൻ വാർഡ് നിർമ്മിക്കും. ഐ.സി.യു സൗകര്യം കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് വാർഡ് ക്രമീകരിക്കുന്നത്.

പീഡിയാട്രിക് എെ.സി.യു

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർcdമിക്കുന്ന പീഡിയാട്രിക് ഐ.സിയുവിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. വെന്റിലേറ്റർ സൗകര്യം കൂടിയുള്ള ആറ് ഐ.സി.യു ഓക്‌സിജൻ കിടക്കകൾ ഇവിടെ ഒരുക്കും. ഉപകരണങ്ങൾ വാങ്ങാൻ ആവശ്യമായ 20 ലക്ഷം രൂപ എൻ.എച്ച്.എം നൽകും.

കാത്ത് ലാബിൽ പുതിയ എെ.സി.യു

കാത്ത് ലാബിന് സമീപം ഏഴ് കിടക്കകളുള്ള പുതിയ ഐ.സി.യു നിർമ്മിക്കും. ഹൃദയസംബന്ധമായ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കും. പേ വാർഡ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും. രോഗികൾക്ക് വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുവാൻ സഹകരണമേഖലയിൽ ആശുപത്രിവളപ്പിൽ പുതിയ മെഡിക്കൽ സ്റ്റോർ ആരംഭിക്കും.

17 സെന്റ് സ്ഥലത്ത് 10 കോടിയുടെ ബഹുനില കെട്ടിടം

"ആശുപത്രിയുടെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വിപുലമായ പദ്ധതിയാണുള്ളത്. ജില്ലാ ആസ്ഥാനത്തെ ആശുപത്രി എന്ന നിലയിൽ നിരവധി രോഗികൾ എത്തുന്നുണ്ട്. ഇപ്പോഴത്തെ സ്ഥലപരിമിതിക്ക് പരിഹാരമായുള്ള ആസൂത്രണമാണ് നടപ്പാക്കുന്നത്."

വീണാജോർജ്ജ്

Advertisement
Advertisement