കൊവിഡ് മരണം: ഒ.ബി.സി കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപവരെ വായ്പ

Sunday 20 June 2021 12:13 AM IST

പത്തനംതിട്ട : കൊവിഡ് നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കേന്ദ്ര സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട അർഹരായ ഗുണഭോക്താക്കളിൽ നിന്ന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.
മൂന്ന് ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസിൽ താഴെ പ്രായമുള്ള വ്യക്തി കൊവിഡ് നിമിത്തം മരിച്ചാൽ വ്യവസ്ഥകൾക്ക് വിധേയമായി വായ്പ ലഭിക്കും. അഞ്ചു ലക്ഷം രൂപ വരെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ തുകയും അനുവദിക്കും. ഇതിൽ 80ശതമാനം തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20ശതമാനം (പരമാവധി 1 ലക്ഷം രൂപ) സബ്‌സിഡിയുമാണ്. വായ്പാ തിരിച്ചടവ് കാലാവധി 5 വർഷമാണ്. വാർഷിക പലിശ നിരക്ക് 6 ശതമാനം.
പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവുമുള്ളവർ അവരുടെ വിശദാംശങ്ങൾ ജൂൺ 28 നകം www.ksbcdc.com എന്ന കോർപ്പറേഷൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2577550.

Advertisement
Advertisement